കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ശക്തമായ കാറ്റിന് സാധ്യത, മീന്‍ പിടിക്കാന്‍ പോകരുതെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: മൂന്ന് ദിവസങ്ങള്‍ കേരളത്തില്‍ വ്യാപക മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, 28ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.
തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ 29 വരെ മീന്‍പിടിക്കാന്‍ പോകരുത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ന്യൂനമര്‍ദം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനാല്‍ ആ ഭാഗങ്ങളിലേക്കും മീന്‍പിടിക്കാന്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
ശബരിമലയില്‍ മുന്നറിയിപ്പ്
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യും. ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്.