'പതിവ് തെറ്റിച്ചില്ല..'; ശ്രീലങ്കൻ തീരത്തിന് മുകളിലായി വീണ്ടും അതി തീവ്ര ന്യൂനമർദ്ദം; കേരളത്തിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: അതി തീവ്ര ന്യൂനമർദ്ദം ശക്തിപ്പെട്ട് 'ഡിറ്റ് വാ' (Ditwah) ചുഴലിക്കാറ്റായി മാറി. നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കൻ തീരത്തുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്‌നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഈ തീരമേഖലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരളത്തിൽ നിലവിൽ 'ഡിറ്റ് വാ' ചുഴലിക്കാറ്റ് വലിയ ഭീഷണി ഉയർത്തുന്നില്ല. എങ്കിലും, അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 27 മുതൽ 29 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നവംബർ 28 രാത്രി 11.30 വരെ കേരളത്തിലെ ചില തീരങ്ങളിൽ (തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്) ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.