രണ്ട് ചക്രവാതച്ചുഴികള്‍; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
രണ്ട് ചക്രവാതച്ചുഴികള്‍; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികള്‍ രൂപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവില്‍ തെക്കന്‍ തമിഴ്നാടിനു മുകളിലും ലക്ഷദ്വീപിന് മുകളിലുമായാണ് ചക്രവാതച്ചുഴികള്‍ സ്ഥിതിചെയ്യുന്നത്. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ഇന്നും എറണാകുളത്ത് നാളെയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍, നവംബര്‍ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരളതീരത്ത് 55 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മീന്‍പിടിത്ത തൊഴിലാളികളും ജാഗ്രത പാലിക്കണം. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം മിന്നലോടു കൂടിയതോ മിതമായതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.