സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ്; ബെംഗളൂരു പോലീസ് യുവാവിന്‍റെ മൊഴിയെടുത്തു; മൊഴി പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കും

Update: 2024-11-08 11:22 GMT

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ പരാതിക്കാരനായ യുവാവിന്‍റെ മൊഴിയെടുത്തു. ബെംഗളൂരു എയര്‍പോര്‍ട്ട് പോലീസാണ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ മല്ലികാര്‍ജുന്‍റെ നേതൃത്വത്തിൽ ആയിരുന്നു മൊഴിയെടുപ്പ്. മൊഴി പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കും. രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് ബെംഗളൂരുവിലാണ് താമസിക്കുന്നത്.

നേരത്തെ, കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ അസ്വാഭാവിക ലൈംഗിക പീഡനം,​ ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.

2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു.

രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് നല്‍കിയ പരാതിയിൽ പറയുന്നത്. കൂടാതെ തന്റെ നഗ്ന ഫോട്ടോകൾ എടുത്ത ശേഷം രഞ്ജിത്തിന്റെ സുഹൃത്തായ നടിക്ക് അയച്ചുകൊടുത്തുവെന്നും യുവാവ് ആരോപിച്ചിരുന്നു.

Tags:    

Similar News