സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ്; സംഭവം നടന്നത് ഏത് ഹോട്ടലിലെന്ന് തിരിച്ചറിയാനാവുന്നില്ല; പരാതിക്കാരനെ തെളിവെടുപ്പിനെത്തിക്കും
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡനപരാതി നൽകിയ യുവാവിനെ തെളിവെടുപ്പിനെത്തിക്കും. സംഭവം നടന്നത് ഏത് ഹോട്ടലിൽ ആണെന്നുള്ളത് ഫോട്ടോ കാണിച്ചപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ബെംഗളൂരുവിലെ വിവിധ താജ് ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുക്കും.
സംഭവം നടന്നിട്ട് 9 വർഷത്തോളം ആയതിനാൽ വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് തന്നെ ആണോ രഞ്ജിത്തിനെ കണ്ടതെന്ന് ഉറപ്പില്ലെന്ന് പരാതിക്കാരൻ മൊഴി നൽകിയിരുന്നു. ഇന്നലെയാണ് പരാതിക്കാരന്റെ മൊഴി ദേവനഹള്ളി പോലീസ് വിശദമായി രേഖപ്പെടുത്തിയത്.
നഗരത്തിൽ ആകെ ഉള്ളത് നാല് താജ് ഹോട്ടലുകളാണ്. വിമാനത്താവളത്തിന് അടുത്തുള്ള താജ് അല്ലാതെ നഗരത്തിൽ മൂന്ന് താജ് ഹോട്ടലുകൾ ഉണ്ട്. ഇതിൽ യശ്വന്തപുര താജിലും വെസ്റ്റ് എൻഡ് താജിലും എത്തിച്ചാണ് തെളിവ് എടുക്കുക. ഇതിന് ശേഷമാകും രഞ്ജിത്തിന് ഹാജരാകാൻ നോട്ടീസ് നൽകുകയെന്നാണ് വിവരം.
നേരത്തെ, കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി.
അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു.
രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് നല്‍കിയ പരാതിയിൽ പറയുന്നത്. കൂടാതെ തന്റെ നഗ്ന ഫോട്ടോകൾ എടുത്ത ശേഷം രഞ്ജിത്തിന്റെ സുഹൃത്തായ നടിക്ക് അയച്ചുകൊടുത്തുവെന്നും യുവാവ് ആരോപിച്ചിരുന്നു.