രണ്ടു മാസം മാത്രമുളള പരിചയം: യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് വെള്ളച്ചാട്ടത്തിന് അരികിലെത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

വെള്ളച്ചാട്ടത്തിന് അരികിലെത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

Update: 2025-02-23 16:04 GMT

കോയിപ്രം: രണ്ടുമാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട മുതിയവിള ചിത്തിരനിവാസില്‍ കിരണ്‍ രാജ് (21) ആണ് പിടിയിലായത്. രണ്ടുവര്‍ഷത്തിലധികമായി നിരണം കടപ്രയില്‍ വാടകയ്ക്ക് താമസിച്ച് പഠനത്തില്‍ ഏര്‍പ്പെട്ട് വരുന്ന ഇയാള്‍ പരിചയത്തിലായ പെണ്‍കുട്ടി(21)യെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞഡിസംബര്‍ 11 രാവിലെ അരുവിക്കുഴി വെള്ളച്ചാട്ടം കാണുന്നതിന് കൂട്ടിക്കൊണ്ടു പോയശേഷമാണ് ആദ്യമായി പീഡിപ്പിച്ചത്. വെള്ളച്ചാട്ടത്തിനു താഴെയുള്ള റബര്‍ തോട്ടത്തില്‍ എത്തിച്ച്, ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഡിസംബര്‍ 28ന് വൈകിട്ട് മൂന്നിന് ഓതറ ഭൂതന്‍കുഴിയില്‍ കൊണ്ടുപോയി പാറക്കെട്ടിനു സമീപം വച്ച് ദേഹത്തു കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടി. ഇത് തടഞ്ഞ യുവതിയെ, അരുവിക്കുഴിയില്‍ വച്ച് നടന്ന സംഭവം കൂട്ടുകാരോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബലമായി ലൈംഗികവേഴ്ചയ്ക്ക് വിധേയയാക്കി. ജനുവരി നാലിന് ഇന്‍സ്റ്റഗ്രാം വഴി യുവതിയുടെ നഗ്നചിത്രങ്ങള്‍ അയച്ചുവാങ്ങി.

പിന്നീട് സൗന്ദര്യവും സാമ്പത്തികവും പോരാ എന്ന് പറഞ്ഞു ബന്ധത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. യുവതിയുമായുള്ള സാമൂഹികമാധ്യമ ബന്ധങ്ങള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ആറന്മുള പോലീസ് സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അയച്ചു നല്‍കിയതിനെ തുടര്‍ന്ന്, കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ താമസസ്ഥലത്തുനിന്നും ഇന്നലെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി. എസ്.ഐ ഗോപകുമാര്‍, എ.എസ്.ഐ ഷിബു രാജ്, എസ്.സി.പി.ഓമാരായ ജോബിന്‍ ജോണ്‍, ശബാന, അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Similar News