ആറളം ഫാമില്‍ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കും
കുടുംബത്തിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കും
കണ്ണൂര്‍ :ആറളം ഫാമില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു.
ഒരാള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. ഇതില്‍ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യഗഡുവായി നല്‍കുക. അവസാന ഗഡുവും വൈകാതെ നല്‍കും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആറളം ഫാം സന്ദര്‍ശിക്കും. തുടര്‍ന്ന് ആറളം ഗ്രാമപഞ്ചായത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. രാവിലെ ഉദ്യോഗസ്ഥതലത്തിലുള്ള യോഗം ജില്ലാ കലക്ടര്‍ വിളിച്ചിട്ടുണ്ട്.
ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്കിലും ഫാമിലും നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള നടപടി ശക്തമാക്കാന്‍ വനം വകുപ്പിന് ദുരന്ത നിവാരണ സമിതി യോഗം നിര്‍ദേശം നല്‍കി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം വേഗത്തില്‍ നടത്താന്‍ ഡിഎംഒക്ക് നിര്‍ദേശം നല്‍കി.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാല്‍, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെ എസ് ദീപ, ഐടിഡിപി പ്രൊജക് ഓഫീസര്‍, പിഡബ്ല്യുഡി, ആറളം ഫാം ഉദ്യോഗസ്ഥര്‍, ഇരിട്ടി തഹസില്‍ദാര്‍, മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.