എസ്എഫ്ഐ നേതാവിന്റെ മദ്യപാന വിഡിയോ പുറത്തായ സംഭവം; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനും സെക്രട്ടറിയേറ്റ് അംഗത്തിനുമെതിരെ നടപടി; സ്ഥാനങ്ങളിൽ നിന്നും നീക്കി

Update: 2024-10-11 09:56 GMT

തിരുവനന്തപുരം: എസ്എഫ്ഐ നേതാവിന്റെ മദ്യപാന വിഡിയോ പുറത്തായ സംഭവത്തിൽ നടപടി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയും സ്ഥാനങ്ങളിൽ നിന്ന് മാറ്റി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനൻ സെക്രട്ടേറിയറ്റ് അംഗം സ‍ഞ്ജയ് സുരേഷ് എന്നിവർക്കെതിരെയാണ് നടപടി. ഇരുവരെയും സംസ്ഥാന കമ്മിറ്റിയിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സഞ്ജയ് എസ്എഫ്ഐയുടെ വഞ്ചിയൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയാണ്.

എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടേറിയറ്റ് ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി വി.ജോയ്, മുതിർന്ന നേതാക്കളായ ഡി.കെ.മുരളി, സി. ജയൻബാബു തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ജില്ലാ പ്രസിഡന്റിന്റെ ചുമതല മംഗലപുരത്ത് നിന്നുള്ള ജയകൃഷ്ണന് നൽകാൻ തീരുമാനമായി.

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി മദ്യപാന വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്. എതിർ വിദ്യാർഥി സംഘടനകൾ കൃത്യമായ ലക്ഷ്യത്തോടെ പ്രചരിപ്പുന്ന ദൃശ്യങ്ങൾ കോളജ് യൂണിയൻ തിര‍ഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എസ്എഫ്ഐയുടെ കോളജ് യൂണിയൻ കമ്മിറ്റികളിൽ നേതാക്കളുടെ മദ്യപാനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

Tags:    

Similar News