'അതിജീവിതയുടെ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി; കുഞ്ഞിനെ സ്വപ്നം കണ്ട ഒരമ്മയുടെ വേദനയാണത്; കേരളത്തിന്റെ മനസാക്ഷി നിങ്ങള്‍ക്കൊപ്പമുണ്ട്; ഇനിയെങ്കിലും പരാതികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറയരുത്'; റിനി ആന്‍ ജോര്‍ജ്
ഇനിയെങ്കിലും പരാതികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറയരുത്'; റിനി ആന്‍ ജോര്‍ജ്
കൊച്ചി: ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ പ്രതികരിച്ച് രാഹുലിനെതിരെ ആദ്യമായി പരസ്യ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ്. പരാതി നല്‍കിയ യുവതിയെ അഭിനന്ദിക്കുന്നുവെന്നും സൈബര്‍ ആക്രമണങ്ങളെ ഭയക്കാതെ ധൈര്യത്തോടെ മുന്നോട്ടുവന്ന ധൈര്യത്തെ പ്രശംസിക്കുന്നുവെന്നും റിനി മാധ്യമങ്ങളോട് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അവസാനിക്കുകയും രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിന് ശേഷമാണ് മൂന്നാമത്തെ പരാതി വന്നത്. ഇനിയെങ്കിലും പരാതികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറയരുതെന്ന് റിനി കൂട്ടിച്ചേര്‍ത്തു. ഇനിയും അതിജീവിതകളുണ്ടെന്നും അവരും സധൈര്യം മുന്നോട്ടുവരാനും ഇത്തരം ആളുകളെ എക്സ്പോസ് ചെയ്യാനും തയ്യാറാകണമെന്നും റിനി പറഞ്ഞു.
അങ്ങനെ ജനങ്ങള്‍ വിശ്വസിക്കുന്ന ചിലരുടെ പൊയ്മുഖങ്ങള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കണം. ഇത്തരം ക്രിമിനലുകള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കാന്‍ യോഗ്യരാണോ എന്ന് ജനങ്ങള്‍ ആലോചിക്കണമെന്നും റിനി പറഞ്ഞു.
ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധം നടന്നു അതിന് ശേഷം പരാതിയുമായി വരുന്നു എന്ന തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് റിനി പറയുന്നു. 'ഇന്ന് രാഹുലിനെതിരെ പരാതി ഉന്നയിച്ച ഒരു അതിജീവിതയുടെ കുറിപ്പ് വായിക്കാനിടയായി. കണ്ണ് നിറഞ്ഞ് പോയി. കുഞ്ഞിനെ സ്വപ്നം കണ്ട ഒരമ്മയുടെ വേദനയാണത്. കേരളത്തിന്റെ മനസാക്ഷി നിങ്ങള്‍ക്കൊപ്പമുണ്ട്.' റിനി പറഞ്ഞു.