കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച; സ്വര്‍ണ വ്യാപാരിയുടെ ബാഗില്‍ നിന്ന് കാണാതായത് ഒരു കോടിയോളം വിലവരുന്ന ഒന്നരകിലോ സ്വര്‍ണം

Update: 2024-10-20 07:05 GMT

മലപ്പുറം: ചങ്ങരകുളത്ത് കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. തൃശ്ശൂര്‍ മാടശ്ശേരി സ്വര്‍ണവ്യാപാരി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടിയോളം രൂപ വിലവരുന്ന ഒന്നരകിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ജ്വല്ലറിയില്‍ വില്പനക്കു വേണ്ടി കൊണ്ടുപോയ സ്വര്‍ണമാണ് ബസില്‍ വച്ച് മോഷണം പോയതെന്നാണ് പരാതി.

കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം. കുറ്റിപ്പുറത്ത് നിന്നായിരുന്നു ജിബിന്‍ ബസില്‍ കയറിയത്. എടപ്പാളിലെത്തിയപ്പോഴാണ് ബാഗ് തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന്, പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിഞ്ഞത്.

ചങ്ങരകുളം പൊലീസില്‍ വിവരം അറിയിക്കുകയും ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യാത്രക്കാരെ പരിശോധിക്കുകയും ചെയ്തു. എന്നാല്‍, സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ചങ്ങരകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News