വോട്ടഭ്യർഥിക്കാൻ പോയ തക്കം നോക്കി വീട്ടിൽ മോഷണം; കള്ളൻ കൊണ്ട് പോയത് 30 റബ്ബർ ഷീറ്റുകൾ; പ്രചാരണത്തിലെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമെന്ന് സ്ഥാനാർഥി
മുണ്ടക്കയം: കോട്ടയത്ത് വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കാൻ പോയ തക്കം നോക്കി മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് കുളമാക്കൽ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ മോഷണം. പുഞ്ചവയൽ പുഞ്ചിരി ടൗണിന് സമീപം താന്നിക്കൽ വീട്ടിൽ ടി.ജെ. ജോൺസന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 30 റബ്ബർ ഷീറ്റുകളാണ് കവർന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.
ജോൺസന്റെ വീടിന് പിന്നിലെ പുകപ്പുരയിൽ സൂക്ഷിച്ചിരുന്ന ഷീറ്റുകളാണ് നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ മുറ്റത്ത് ഒരു റബ്ബർ ഷീറ്റ് കണ്ടെത്തിയ ജോൺസന്റെ ഭാര്യ നടത്തിയ തിരച്ചിലിലാണ് പുകപ്പുരയിൽനിന്ന് ഷീറ്റുകൾ മോഷണം പോയതായി മനസ്സിലാക്കിയത്. തന്റെ ശ്രദ്ധ തിരിച്ചുവിടാനും പ്രചാരണരംഗത്ത് പിന്നിലാക്കാനുമുള്ള തന്ത്രമാകും ഈ കവർച്ചയ്ക്ക് പിന്നിലെന്ന് ജോൺസൺ പ്രതികരിച്ചു.