കഴുത്തില്‍ സ്റ്റീല്‍ പൈപ്പ് കുടുങ്ങിയ നിലയില്‍ 'ചേര' പാമ്പ്; മരണവെപ്രാളത്തിൽ കഴിഞ്ഞത് മൂന്നാഴ്ചയോളം; ഒടുവിൽ പാമ്പിന് രക്ഷ..!
തിരുവനന്തപുരം: സ്റ്റീല്‍ പൈപ്പ് കഷണത്തില്‍ കുടുങ്ങിക്കിടന്ന പാമ്പിനെ രക്ഷിച്ച് രാജേഷ് തിരുവാമനയെന്ന പാമ്പുപിടുത്തക്കാരനും ഫയര്‍ഫോഴ്‌സും. ഏകദേശം മൂന്നാഴ്ചയോളമാണ് മരണവെപ്രാളത്തിൽ പാമ്പ് കുടുങ്ങി കിടന്നത്.
കഴുത്തില്‍ മുറിവേറ്റ പാമ്പിനെ പിന്നീട് മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സയ്ക്ക് വിധേയമാക്കി. ആറ്റിങ്ങല്‍ അവനവഞ്ചേരി ടോള്‍മുക്ക് സ്വദേശി അനീഷിന്റെ വീട്ടിലായിരുന്നു സംഭവം നടന്നത്.
അനീഷിന്റെ വീടിന് അടുത്തായുള്ള വിറകുപുരയില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് കഴുത്തില്‍ സ്റ്റീല്‍ പൈപ്പ് കഷണം കുടുങ്ങിയ നിലയില്‍ ചേര ഇനത്തില്‍പ്പെട്ട പാമ്പിനെ ആദ്യം കണ്ടത്. വിറക് പുരയിലോ പുരയിടത്തിലോ ഉണ്ടായിരുന്ന സ്റ്റീല്‍ കഷണത്തിനകത്ത് കൂടി കടക്കാന്‍ ശ്രമിക്കുമ്പോള്‍ കുടുങ്ങിയതാകാമെന്നാണ് ആദ്യം കരുതിയത്.
തനിയെ പോകുമെന്ന് കരുതി വീട്ടുകാര്‍ പാമ്പിനെ മാറ്റാന്‍ ശ്രമിച്ചുമില്ല. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം വീണ്ടും നോക്കുമ്പോഴാണ് പാമ്പ് അവശനിലയില്‍ അവിടെത്തന്നെയുള്ളതായി വീട്ടുകാർ കണ്ടെത്തിയത്.