സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പ്രതിവര്‍ഷം 400 കോടി വിനിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത് 166.28 കോടി രൂപ മാത്രം; വിവരാവകാശ രേഖകകളുമായി കെ ഗോവിന്ദന്‍ നമ്പൂതിരി
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പ്രതിവര്‍ഷം 400 കോടി വിനിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്
കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ എസ്ഡിആര്‍എഫിലെ തുകയുടെ വിനിയോഗം അടക്കം വിവാദത്തിലാണ്. കേന്ദ്രസഹായം അടക്കം വൈകുമ്പോഴും നിലവിലെ തുകയുടെ വിനിയോഗത്തിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. എന്നാല്‍, ദുരന്ത സാഹചര്യങ്ങളില്‍ സംസ്ഥാന ദുരന്ത പ്രതികരണ (എസ്.ഡി.ആര്‍.എഫ്) നിധിയില്‍ നിന്നും പ്രതിവര്‍ഷം 400 കോടി വിനിയോഗിക്കാറുണ്ടെന്നാണ് പിണറായി നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ആ അവകാശവാദം എത്രകണ്ട് ശരിയാണെന്ന ചോദ്യമാണ് ഉയരുന്നത്. ഇത് സംബന്ധിച്ച വിവരാവകാശരേഖയുമായി കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയാണ് രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ 400 കോടിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടുകയാണ്. 2016-17 മുതല്‍ 2024-25 (സെപ്റ്റംബര്‍ 24) വരെ സംസ്ഥാനം ചെലവഴിച്ച കണക്കുകളാണ് പുറത്തുവന്ന്. എസ്ഡിആര്‍എഫില്‍ നിന്ന് ലഭിച്ചതും ചെലവഴിച്ചതുമായ തുക വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. വിവരാവകാശ നിയമപ്രകാരം 2023-24 ല്‍ 166.28 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. 2016-17ല്‍ ഇത് 146.87 കോടിയായിരുന്നു. 2017-18 ല്‍ ചെലവഴിച്ചത് 199.51 കോടി വിവരാവകാശ പ്രവര്‍ത്തകന്‍ ഗോവിന്ദന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി.
അതിനാല്‍, എസ്ഡിആര്‍എഫില്‍ നിന്ന് പ്രതിവര്‍ഷം 400 കോടി ചെലവഴിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തീര്‍ത്തും തെറ്റാണ്. എസ്ഡിആര്‍എഫ് ലെ വിവരങ്ങള്‍ മുഖ്യമന്ത്രി കൃത്യമായി വെളിപ്പെടുത്തണം, എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ തെറ്റായ പ്രസ്താവന നടത്തിയത് ഗോവിന്ദന്‍ നമ്പൂതിരി ചോദിച്ചു. മറ്റ് വര്‍ഷങ്ങളില്‍ 2018, 2019 മഹാപ്രളയത്തിലും കൊവിഡ് കാലഘട്ടത്തിലും സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. ഗോവിന്ദന്‍ നമ്പൂതിരിക്ക് ദുരന്തനിവാരണ വകുപ്പ് (എ) നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ധനകാര്യ കമീഷന്റെ ശിപാര്‍ശ പ്രകാരം സാധാരണ ഗതിയില്‍ കേരളത്തിന് ലഭിക്കുന്ന ഫണ്ടാണത്. അല്ലാതെ, മേപ്പാടിയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സവിശേഷമായി ലഭിച്ചതല്ല. 588.95 കോടിയാണ് എസ്.ഡി.ആര്‍.എഫില്‍ ദുരന്ത ഘട്ടത്തിലുണ്ടായിരുന്നത്. ഈ തുകയില്‍ നിന്നാണ് കേരളത്തില്‍ വര്‍ഷാവര്‍ഷമുണ്ടാകുന്ന ചെറുതും വലുതുമായ വിവിധ ദുരന്തങ്ങളുടെ നിവാരണം നടത്തുന്നത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഓരോ വര്‍ഷവും ശരാശരി 400 കോടി രൂപയുടെ പ്രവൃത്തികള്‍ ആ നിധിയില്‍ നിന്ന് നടത്തിവരുന്നുണ്ട്. കണിശമായ മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ ആ തുക വിനിയോഗിക്കാന്‍ കഴിയൂ. വീട് നഷ്ടപ്പെട്ടാല്‍ എസ്.ഡി.ആര്‍.എഫിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ശരാശരി 1.25 ലക്ഷം രൂപ മാത്രമേ ലഭ്യമാക്കാന്‍ കഴിയൂ. കേരളം സി.എം.ഡി.ആര്‍.എഫ് വിഹിതവും ചേര്‍ത്താണ് കുറഞ്ഞത് നാലുലക്ഷം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വയനാട് പുനരധിവാസത്തിന് എല്ലാ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ് പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വീടിന് 10 ലക്ഷം രൂപയിലധികം ചെലവാകും. എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം അത് യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രത്യേക ധനസഹായം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.