വിനോദസഞ്ചാര മേഖലയില്‍ പുതിയ കാൽവെയ്പ്പ്..; സംസ്ഥാനത്ത് 'സീപ്ലെയിന്‍' സര്‍വീസ് യാഥാർത്ഥ്യമാകുന്നു; ഫ്ലാഗ് ഓഫ് ചടങ്ങ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും
തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ വീണ്ടുമൊരു കുതിച്ചുചാട്ടം. വികസനത്തിന് വഴിയൊരുക്കുന്ന 'സീപ്ലെയിന്‍' സര്‍വീസ് നവംബര്‍11ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് അറിയിച്ചു. തുടർന്ന് കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് തുടങ്ങുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഇതിന്‍റെ ഭാഗമായി കേരളത്തിലെത്തുന്ന 'ഡിഹാവ്ലാന്‍ഡ് കാനഡ' എന്ന സീപ്ലെയിന്‍ ആണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്.
ഫ്ളാഗ് ഓഫ് കർമ്മത്തിന് ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് ആദ്യസര്‍വീസ് നടത്തും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് വിമാനത്തിന് സ്വീകരണം നല്‍കും. ശേഷം നവംബര്‍ 10ന് ഉച്ചയ്ക്ക് 2നാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. തുടര്‍ന്ന് വിമാനം ഉച്ചകഴിഞ്ഞ് 3.30ന് ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ എത്തും.