പോലീസിനെ കണ്ട് പരുങ്ങി; സംശയം തോന്നി റെയിൽവേ പോലീസിന്റെ പരിശോധന; കൊല്ലം ആര്യങ്കാവിൽ നിന്നും പിടികൂടിയത് ബാഗിൽ കടത്താൻ ശ്രമിച്ച 36 ലക്ഷത്തിന്റെ രേഖകളില്ലാത്ത പണം

Update: 2024-11-08 10:18 GMT

കൊല്ലം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തേക്ക് കുഴൽപ്പണം കടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൽ നടന്ന പരിശോധനയിൽ പിടികൂടിയത് രേഖകളില്ലാത്ത പണം. ട്രെയിനിലാണ് പണം കടത്താൻ ശ്രമം നടന്നത്. റെയിൽവെ പോലീസിന്റെ പരിശോധനയിൽ കൊല്ലം ആര്യങ്കാവിൽ 36 ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനെയാണ് പോലീസ് പിടികൂടിയത്.

മധുരൈയിൽ നിന്ന് വരുന്ന ഗുരുവായൂർ എക്സ്പ്രസിലാണ് പ്രതി രേഖകളില്ലാതെ ബാഗിൽ പണം കൊണ്ടുവന്നത്. രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ തവണയാണ് പുനലൂർ ചെങ്കോട്ട പാതയിൽ നിന്നും രേഖകളില്ലാത്ത പണം പിടികൂടുന്നത്. പതിവ് പരിശോധനക്കിടെയാണ് പണം പിടിച്ചതെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ പണവുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ നൽകാൻ പ്രതി തയ്യാറായില്ല. പണം എവിടെ നിന്നും കൊണ്ടുവന്നെന്നോ, എത്ര രൂപയുണ്ടെന്നോ, എവിടേക്ക് കൊണ്ടുപോകുന്നു എന്ന ചോദ്യങ്ങൾക്ക് പ്രസന്നൻ മറുപടി നൽകിയില്ല. ഇലക്ഷനോട്‌ അനുബന്ധിച്ചു വൻതോതിൽ കുഴൽപണവും മറ്റ് ലഹരി വസ്തുക്കളും അന്യസംസ്ഥാനത്ത് നിന്ന് സംസ്ഥാനത്തേക്ക് കടത്താൻ സാധ്യത ഉണ്ടെന്ന് ഇന്റലിജിൻസ് റിപ്പോർട്ടുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ പോലീസ് സേനകളുടെ വ്യാപകമായി പരിശോധന നടന്നിരുന്നു. റെയിൽവേ എസ്.പി വി കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം ട്രെയിനിലും പരിശോധന ശക്തമാക്കിയിരുന്നു. സംശയാസ്പദമായ രീതിയിൽ ബാഗുമായി നിൽക്കുന്നയാളെ ശ്രദ്ധയിൽപ്പെട്ട പോലീസ് പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ബാഗിൽ പണം കണ്ടെത്തിയത്. 

Tags:    

Similar News