ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ വീട്ടിൽ തന്നെ സൂക്ഷിച്ചു; പരിശോധനയിൽ കണ്ടത് തൊലി നല്ല ചെത്തി ഒരുക്കിയ തടികൾ; കൈയ്യോടെ പൊക്കി
തൃശൂർ: വെട്ടുകാട് ഭാഗത്ത് വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 60 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. പുത്തൻകാട് ദേശത്ത് കരിപ്പാശ്ശേരി രാഘവൻ (72) എന്നയാളുടെ വീട്ടിൽ നിന്നാണ് വിൽപ്പനയ്ക്കായി തൊലി ചെത്തി ഒരുക്കിയ നിലയിലായിരുന്ന ചന്ദനത്തടികൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രാഘവനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വനം ഡിവിഷൻ പട്ടിക്കാട് റേഞ്ചിലെ മാന്ദമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ചന്ദനം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് മാന്ദമംഗലം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരിപ്പാശ്ശേരി രാഘവന്റെ വീട്ടിൽ പരിശോധന നടത്തിയത്.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ (ഗ്രേഡ്) സജീവ് കുമാർ, രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.യു. രാജകുമാർ, ദീപു കെ.വി, ഷിജു കെ.എസ്, രാഹുൽ ശങ്കർ, ബിജേഷ് എം.ബി., അനിൽകുമാർ കെ.എസ്. എന്നിവരും ചന്ദനം പിടികൂടിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പിടിച്ചെടുത്ത ചന്ദനത്തടികൾ തുടർനടപടികൾക്കായി മാന്ദമംഗലം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.