സ്പെഷ്യൽ സ്‌ക്വാഡുകളുടെ വരവിൽ കച്ചവടക്കാർക്ക് മുട്ടൻ പണി; പരിശോധനയിൽ കൈയ്യോടെ പൊക്കി; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില വിൽപ്പന നടത്തിയതിൽ കടുത്ത നടപടി
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിറ്റ 16 കച്ചവടക്കാർക്കെതിരെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടപടിയെടുത്തു. കേന്ദ്ര പുകയില ഉൽപ്പന്ന നിയന്ത്രണ നിയമം ലംഘിച്ചതിനെ തുടർന്ന് 13,800 രൂപ പിഴ ഈടാക്കുകയും പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
കുന്നുമ്മൽ, കോട്ടപ്പടി ബസ് സ്റ്റാൻഡ് പരിസരങ്ങളിലെ കച്ചവടക്കാരെയാണ് നടപടിക്ക് വിധേയരാക്കിയത്. പൊതുയിടങ്ങളിൽ പുകവലിക്കുന്നതിനും 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും ഇവയുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും നിയമപ്രകാരം വിലക്കുണ്ട്. കൂടാതെ, പുകയില നിരോധിത മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും മലപ്പുറം നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഫിറോസ്ഖാൻ, ടെക്നിക്കൽ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാർ, ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, നഗരസഭയിലെ സീനിയർ പബ്ലിക് ഇൻസ്പെക്ടർ സി.കെ. മുഹമ്മദ് ഹനീഫ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. മുനീർ, ഹെൽത്ത് സൂപ്പർവൈസർ കെ.പി. മുഹമ്മദ് ഇഖ്ബാൽ, ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. അബ്ദുൽ ലത്തീഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ഫസീല എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. മലപ്പുറം നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളെയും സമ്പൂർണ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിശോധന നടത്തിയത്.