ഡിസ്ട്രിബ്യൂട്ടര്‍ എന്ന വ്യാജേന തീയറ്ററുകാരെ തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടം നടത്തി 30 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; 'വിരുന്ന്' സിനിമയില്‍ കേസെടുത്ത് പോലീസ്; പ്രതി അഞ്ചലുകാരന്‍ ഷമീം
തിരുവനന്തപുരം: കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ''വിരുന്ന്'' എന്ന മലയാള സിനിമയുടെ തിയേറ്റര്‍ കളക്ഷനില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപ ആള്‍മാറാട്ടം നടത്തി തട്ടിയെന്ന് ആരോപണം. പരാതിയില്‍ കൊല്ലം അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി ഷമീം മന്‍സിലില്‍ സുലൈമാന്‍ മകന്‍ ഷമീമിനെതിരെ കേസെടുത്തു. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അര്‍ജുന്‍ സര്‍ജ, ഗിരീഷ് നെയ്യാര്‍, നിക്കി ഗല്‍റാണി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച് ഗിരീഷ് നെയ്യാര്‍ നിര്‍മ്മിച്ച സിനിമയാണ് 'വിരുന്ന്'. വിരുന്നിന്റെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന വ്യാജേന തീയറ്ററുകാരെ തെറ്റിദ്ധരിപ്പിച്ചു ആള്‍മാറാട്ടം നടത്തിയാണ് 30 ലക്ഷത്തിലധികം രൂപ ഷമീം തട്ടിയെടുത്തതെന്നാണ് ആരോപണം. 72 ഫിലിംസ് എന്ന ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനത്തിന്റെ ഓണര്‍ കൂടിയായ ഷമീം ഇതുപോലെ ഇതിനു മുന്‍പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.