ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും; കുന്നമംഗലം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Update: 2026-02-02 14:00 GMT

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ പകര്‍ത്തിയ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന മുസ്ലിംലീഗ് വനിതാ നേതാവ് ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിന് കുന്നമംഗലം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയിരുന്നു. മരണത്തെ തുടര്‍ന്ന് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് വടകരയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. തുടര്‍ന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഷിംജിത നല്‍കിയ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ സംഭവദിവസം യാത്ര ചെയ്ത ബസിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. ഷിംജിതയുടെ ഫോണില്‍നിന്ന് കണ്ടെത്തിയ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായിരുന്നു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറി. പരിശോധനാ ഫലം വന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും.

Tags:    

Similar News