വീല്‍ ചെയറിൽ ശ്രുതിയെത്തി; 41ാം ദിവസം ജെന്‍സന്റെ ശവകുടീരത്തിനരികിൽ; പ്രിയപ്പെട്ടവനായി പ്രാര്‍ഥനകൾ നടത്തി കണ്ണീർ മടക്കം
കല്‍പ്പറ്റ: ഒടുവിൽ ജെന്‍സന്റെ ശവകുടീരത്തിനരികിൽ വീല്‍ ചെയറിലിരുന്ന് ശ്രുതിയെത്തി. 41ാം ദിവസത്തെ ചടങ്ങുകള്‍ക്കായാണു ശ്രുതി ആണ്ടൂര്‍ സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ എത്തിയത്.
മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ശ്രുതിക്ക് നൽകിയത് തീരാനഷ്ടങ്ങളായിരുന്നു. അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിയുടെ ഏക തുണ പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു.
എന്നാൽ കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ഉണ്ടായ കാറപകടത്തിൽ ജെന്‍സനും മരിച്ചതോടെ ശ്രുതി ഒറ്റയ്ക്കായി. അപകട സമയം ശ്രുതിയും ജെന്‍സനോടൊപ്പം ഉണ്ടായിരുന്നു. കാലിന് പൊട്ടലേറ്റ ശ്രുതി ദീര്‍ഘനാള്‍ ആശുപത്രിയില്‍ കഴിഞ്ഞു. ജെന്‍സന്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുവന്നാണ് ശ്രുതിയെ കാണിച്ചത്.
പള്ളിയിലെത്തിയ ശ്രുതി ജെന്‍സനുവേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ഥനകളില്‍ പങ്കെടുത്തു. നടക്കാന്‍ സാധിക്കാത്തതിനാല്‍ ഇപ്പോൾ വീല്‍ച്ചെയറിലാണു സഞ്ചാരം. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒരു മാസം മുന്‍പായിരുന്നു അമ്പലവയല്‍ സ്വദേശിയായ ജെന്‍സനും ചൂരല്‍മല സ്വദേശിനി ശ്രുതിയും തമ്മിലുള്ള വിവാഹ നിശ്ചയം.
ശ്രുതിയുടെ പുതിയ വീടിന്റെ പാലുകാച്ചലും വിവാഹ നിശ്ചയവും ഒരുമിച്ചായിരുന്നു. ഉരുള്‍പൊട്ടൽ ദുരന്തം കഴിഞ്ഞ് ശ്രുതി ദുരിതാശ്വാസ ക്യാംപിലായിരുന്നു കഴിഞ്ഞിരുന്നത്. ആ സമയങ്ങളിൽ ശ്രുതിക്കൊപ്പം കൂട്ടായി എപ്പോഴും ജെന്‍സന്‍ കൂടെയുണ്ടായിരുന്നു.