അമ്മയോടൊപ്പം കിടന്നുറങ്ങിയിരുന്ന 13കാരനെ പാമ്പ് കടിച്ചു; കുട്ടി ബഹളം വെച്ചതോടെ വീട്ടുകാരും അയല്‍വാസികളും എത്തി പാമ്പിനെ അടിച്ച് കൊന്നു; കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍

Update: 2025-06-28 02:27 GMT

തിരുവനന്തപുരം: വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന 13കാരന്‍ കാശിനാഥിയെ അണലി കടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. മുട്ടത്തറ വടുവൊത്ത് മരപ്പാലത്തിനടുത്താണ് സംഭവം. അമ്മ മോളിയോടൊപ്പം നിലത്ത് പായ വിരിച്ച് കിടന്നുറങ്ങുമ്പോഴാണ് അഞ്ച് അടിയോളം നീളമുള്ള അണലി വീടിന്റെ വാതിലിനോട് ചേര്‍ന്നുളള ദ്വാരത്തിലൂടെ അകത്തുകയറി കാശിനാഥിയുടെ വലതുകാലിലെ ചെറുവിരലില്‍ കടിച്ചത്. കഠിന വേദനയിലായ കുട്ടി ബഹളം വെച്ചതോടെ വീട്ടുകാരും അയല്‍വാസികളും തല്‍സമയം എത്തി അണലിയെ അടിച്ചുകൊന്നു.

തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ കുട്ടി ചെങ്കുട്ടിവധത്തിലായെന്നു രോഗശാന്തിയിലേക്ക് നീങ്ങുകയാണെന്ന് മാതാവ് മോളി പറഞ്ഞു. സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വീടിന്റെ പുറകുവശത്ത് കടന്നുപോകുന്ന പാര്‍വതി പുത്തനാറിന്റെ ഇരുകരകളും കാടുകയറിയ നിലയിലാണെന്നും, അതിനാലാണ് പാമ്പുകള്‍ക്ക് അനായാസമായി വീടുകളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. അധികാരികള്‍ കാടുവെട്ടും പ്രതിരോധ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News