ടോള്‍ പ്ലാസയിലെത്തി ബാരിക്കേഡ് ഉയര്‍ത്തി വാഹനങ്ങളെ കടത്തിവിട്ടു; ചില വാഹങ്ങളുടെ താക്കോൽ ഊരിയെടുത്തു; പോലീസുകാരനെ ആക്രമിച്ചു; സോഷ്യല്‍ മീഡിയ താരം അറസ്റ്റിൽ

Update: 2025-08-06 12:57 GMT

കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിൽ അക്രമം അഴിച്ചുവിട്ട സോഷ്യല്‍ മീഡിയ താരം രേവന്ത് ബാബു പിടിയില്‍. ഇന്നലെ രാത്രിയാണ് സംഭവം. ടോള്‍ പ്ലാസയിലെത്തിയ രേവന്ത് ബാബു ബാരിക്കേഡ് ഉയര്‍ത്തി വാഹനങ്ങളെ കടത്തിവിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് രേവന്ത് ആക്രമിച്ചത്. തൃശ്ശൂർ വരന്തരപ്പിള്ളി സ്വദേശിയാണ് അറസ്റ്റിലായ രേവന്ത് ബാബു.

ബാരിക്കേഡ് ഉയര്‍ത്തിയപ്പോൾ കടന്ന് പോകാത്ത വാഹനങ്ങളുടെ താക്കോലും ഇയാൾ ഊരിയെടുത്തു. ജീവനക്കാർ വിവരമറിച്ചതിനെ തുടർന്ന് ഹൈവെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി രേവന്ത് ബാബുവിനെ തടയാൻ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസ് ഉദ്യോ​ഗസ്ഥനെ ഇയാൾ ആക്രമിച്ചത്. രേവന്തിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണു എന്ന പോലീസുകാരനാണ് പരിക്കേറ്റത്. പോലീസുകാരന്‍റെ നെയിം സ്ലിപ്പ് പറിച്ചെടുക്കുകയും തലക്ക് പരുക്കേല്‍പ്പിക്കുകയുമായിരുന്നു. പോലീസുകാരനെ അക്രമിച്ചതോടെയാണ് രേവന്തിനെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് സ്റ്റേഷനിലും പിന്നീട് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും രേവന്ത് ബാബു വലിയ ബഹളമുണ്ടാക്കി. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ കൈ വിലങ്ങ് അഴിക്കാന്‍ ആവശ്യപ്പെട്ടും ബഹളം വച്ചു. വാഹനങ്ങള്‍ ബ്ലോക്ക് ആകുന്നത് പരിഹരിച്ചതിനാണ് പിടിച്ചു കൊണ്ടുവന്നതെന്നാണ് രേവന്ത് ബാബു വീഡിയോയില്‍ പറയുന്നത്. ഹൈവെ പട്രോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥനായ വിഷ്ണുവിന്റെ തലയ്‌ക്കാണ് പരിക്കേറ്റത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പുറക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News