കാക്കനാട് ഫ്‌ളാറ്റിലെ കുടിവെള്ളത്തില്‍ ഇ കോളി സാന്നിധ്യം; 27 പേര്‍ക്ക് പനിയും ഛര്‍ദ്ദിയും വയറിളക്കം, രണ്ട് പേര്‍ക്ക് മഞ്ഞപ്പിത്തം; അസുഖബാധിതരില്‍ ചിലര്‍ വാട്സാപ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും കൂട്ട അസുഖബാധയാണെന്ന് പുറത്ത് വന്നത്: ആരോഗ്യസര്‍വേ തുടങ്ങി തൃക്കാക്കര നഗരസഭയും ആരോഗ്യവകുപ്പും ഫ്‌ളാറ്റില്‍

Update: 2024-11-25 05:16 GMT

കാക്കനാട്: കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് സമീപമുള്ള ഫ്‌ളാറ്റിലെ വെള്ളത്തില്‍ വീണ്ടും ഇ കോളി സാന്നിധ്യം. ഈ ഫ്‌ളാറ്റിലെ 27 പേര്‍ക്ക് പനിയും ചര്‍ദ്ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വെള്ളത്തില്‍ ഇ കോളി സാന്നിധ്യം കണ്ടെത്തിയത്. രണ്ട് പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇ കോളി കലര്‍ന്ന വെള്ളം കുടിച്ചതാണ് പ്രശന്കാരണമെന്നാണ് നിഗമനം.

തൃക്കാക്കര നഗരസഭയും ആരോഗ്യവകുപ്പും ഫ്‌ളാറ്റില്‍ ആരോഗ്യസര്‍വേ തുടങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് പനിയും വയറിളക്കവും ഛര്‍ദിയും ബാധിച്ച് 27 പേര്‍ ചികിത്സ തേടിയത്. കഴിഞ്ഞ ജൂണിലും ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ കുടിവെള്ളത്തില്‍നിന്ന് രോഗബാധയുണ്ടായി അഞ്ഞൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം അസുഖബാധിതരില്‍ ചിലര്‍ വാട്സാപ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും കൂട്ട അസുഖബാധയാണെന്ന് പുറത്തറിയുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതല്‍ പേര്‍ ചികിത്സ തേടി. നഗരസഭ ആരോഗ്യ വിഭാഗം ഫ്‌ളാറ്റിലെ കുടിവെള്ള സാംപിളുകള്‍ പരിശോധനയ്ക്കു ശേഖരിച്ചു.

15 ടവറുകളിലായി 4,500-ഓളം താമസക്കാരാണ് ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഉള്ളത്. ഇതില്‍ അഞ്ച് ടവറുകളില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിയ സര്‍വേയിലാണ് 27 പേര്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്. കുടിവെള്ളത്തില്‍നിന്നാണോ രോഗബാധയുണ്ടായതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

കിണര്‍, വാട്ടര്‍ അതോറിറ്റി, ജലസംഭരണി എന്നിവയില്‍നിന്നുള്ള വെള്ളമാണ് ഫ്‌ളാറ്റുകളില്‍ ഉപയോഗിക്കുന്നത്. അസുഖബാധിതനായ ഒരാളുടെ ഫ്‌ളാറ്റിലെ കുടിവെള്ളം പരിശോധിച്ചപ്പോള്‍ ഇ കോളി സാന്നിധ്യം കണ്ടെത്തിയതായി അറിയുന്നു. എന്നാല്‍, വെള്ളത്തിന്റെ പ്രശ്നം കാരണമല്ല രോഗബാധയുണ്ടായതെന്നാണ് ഫ്‌ളാറ്റ് അസോസിയേഷന്‍ നഗരസഭയെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലും കുടിവെള്ളത്തില്‍നിന്ന് രോഗബാധയുണ്ടായപ്പേള്‍ കുടിവെള്ള സാംപിളുകള്‍ പരിശോധിച്ചതില്‍ കോളിഫോം ബാക്ടീരിയയാണ് കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു.

ഫ്‌ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമസ്റ്റിക് ടാപ്പുകള്‍, കിണറുകള്‍ തുടങ്ങിയവയില്‍ നിന്ന് ശേഖരിച്ച സാംപിളുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. നഗരസഭയും ആരോഗ്യവകുപ്പും ഒരുപോലെ പഴികേട്ട സംഭവമായിരുന്നതിനാല്‍ ഈ ഫ്‌ലാറ്റില്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ട്. അതിനിടെയാണ് വീണ്ടും കൂട്ട അസുഖബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടുകയാണെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഫ്‌ളാറ്റില്‍ മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കാനാണ് തീരുമാനം.

Tags:    

Similar News