മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഓട്ടോയും വീടിന്‍റെ വാതിലും ജനലുകളും തല്ലി തകർത്തു; 22കാരൻ പിടിയിൽ; അറസ്റ്റിലായത് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പെരുമ്പിള്ളിശ്ശേരിക്കാരൻ ശ്രീനാഥ്
തൃശൂർ: മകനുമായുള്ള വൈരാഗ്യത്തെ തുടർന്ന് വീടുകയറി അക്രമം നടത്തിയ യുവാവിനെ പിടികൂടി പോലീസ്. ചൊവ്വൂർ പെരുമ്പിള്ളിശ്ശേരി സ്വദേശി ശ്രീനാഥ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12-ാം തീയതി പെരുമ്പിള്ളിശ്ശേരി മാമ്പുള്ളി വീട്ടിൽ മുരളീധരന്റെ (58) വീട്ടിലാണ് സംഭവം ഉണ്ടായത്.
ശ്രീനാഥ് വീട്ടിൽ അതിക്രമിച്ച് കയറി മുരളീധരനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന്, വീടിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുൻ ചില്ലുകൾ, വീടിന്റെ ജനലുകൾ, വാതിലുകൾ, വൈദ്യുതി മീറ്റർബോർഡ്, ചെടിച്ചട്ടികൾ എന്നിവ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകർക്കുകയും ചെയ്തു. മുരളീധരന്റെ മകനും പ്രതിയായ ശ്രീനാഥും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് അറിയിച്ചു.
പ്രതി ശ്രീനാഥ്, ചേർപ്പ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാൾക്കെതിരെ സ്ത്രീകളെ അപമാനിക്കൽ, അക്രമിക്കൽ, അടിപിടി തുടങ്ങിയ കുറ്റങ്ങളിലായി ഏഴോളം കേസുകൾ നിലവിലുണ്ട്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെയും ചേർപ്പ് സി.ഐ. സുബിന്ദിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.