ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു; ഗൂഗിള്‍ പേ വഴി നൽകിയത് 10000 രൂപ; പിന്നാലെ രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; തൊടുപുഴ സ്റ്റേഷനിലെ എസ്ഐ യും ഏജന്റും പിടിയിൽ
ഇടുക്കി: ചെക്ക് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റ് ഒഴിവാക്കാന്‍ വേണ്ടി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ തൊടുപുഴ സ്റ്റേഷനിലെ എസ്ഐ യും ഏജന്റും അറസ്റ്റിലായി. ഗൂഗിള്‍ പേ വഴി 10000 രൂപയാണ് ഇവർ കൈക്കൂലി വാങ്ങിയത്. സംഭവത്തിൽ എസ്‌ഐയും ഏജന്റും വിജിലന്‍സ് പിടികൂടി.
തൊടുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പ്രദീപ് ജോസ് എജന്റ് റഷീദ് എന്നിവരാണ് പിടിയിലായത്. തൊടുപുഴ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പരാതിക്കാരന്റെ വിദേശത്തുള്ള കൂട്ടുകാരന്റെ ഭാര്യയുടെ പേരിലുള്ള ചെക്ക് കേസ് വാറന്റായിരുന്നു. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് പ്രദീപ് 10000 രൂപ അവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരന്‍ ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. പിന്നാലെ പ്രദീപിന്റെ വണ്ടിപ്പെരിയാറിലുള്ള വീട്ടില്‍ നിന്നും രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.