'ഇവന്മാരെ കൊണ്ട് രക്ഷയില്ല..'; തലസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു; ആശുപത്രി വളപ്പിൽ പരിഭ്രാന്തി; രണ്ടുപേർക്ക് കടിയേറ്റു

Update: 2025-08-23 16:54 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടർക്കും ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പിതാവിനും മകൾക്കും തെരുവുനായ്ക്കളുടെ കടിയേറ്റ് പരിക്കേറ്റു. ഈ സംഭവങ്ങൾ നഗരത്തിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ 5-ാം നമ്പർ യൂണിറ്റ് ചീഫ് ഡോ. എൽസമ്മ വർഗീസിനാണ് ബുധനാഴ്ച ഉച്ചയോടെ ആശുപത്രി വളപ്പിൽ വച്ച് നായയുടെ കടിയേറ്റത്. വാർഡിലേക്ക് നടന്നുപോകുമ്പോൾ നായ ആക്രമിക്കുകയായിരുന്നു. കൈകാലുകൾക്ക് പരിക്കേറ്റ ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

കടിയേറ്റതിനെ തുടർന്ന് ഡോക്ടർ നിലത്ത് വീഴുകയും ജീവനക്കാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ആശുപത്രി വളപ്പിൽ മുപ്പതോളം തെരുവുനായ്ക്കളുണ്ടെന്നും ഇവയെ നിയന്ത്രിക്കാൻ നടപടികളില്ലെന്നും ജീവനക്കാർ പരാതിപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയും ഇവിടെ നായ ആക്രമണമുണ്ടായിരുന്നു.

ഇതിനിടെ, സഹകരണ ബാങ്ക് ജീവനക്കാരനായ വിളവൂർക്കൽ സ്വദേശിക്കും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്കും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്. വ്യാഴാഴ്ച വൈകിട്ട് ഇവർ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊറ്റയിൽ ചന്തയ്ക്ക് സമീപത്തുവെച്ചാണ് സംഭവം.

ബൈക്കിന് പുറകിലിരുക്കുകയായിരുന്ന പത്തുവയസ്സുകാരിയെ നായ ആദ്യം കടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. താഴെ വീണ പിതാവിനെയും മകളെയും നായ വീണ്ടും ആക്രമിച്ചു. ഈ നായ ഇതിനോടകം നിരവധിപേരെ കടിച്ചിട്ടുണ്ടെന്ന് വിവരമുണ്ട്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Tags:    

Similar News