രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി
രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താമുകളിലാണ് സംഭവം. വീടിന് സമീപത്തുള്ള ഉപയോഗശൂന്യമായ പാറമടയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കിണറ്റിങ്കല്‍ മഹേഷിന്റെ മകള്‍ ആദിത്യയാണ് മരിച്ചത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു ആദിത്യ.
ചോറ്റാനിക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയാണ്.പെണ്‍കുട്ടിയുടെ ബന്ധുവായ ഓട്ടോഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാള്‍ പാറമടയ്ക്കരികിലൂടെ പോകുമ്പോള്‍ സ്‌കൂള്‍ ബാഗ് ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നതു കണ്ടു. സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം പാറമടയിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടത്.
പിന്നാലെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.