വാഹനം മോഷ്ടിച്ചതായി ആരോപിച്ച് ചിലര്‍ മര്‍ദ്ദിച്ചു; പോലീസ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഒരുമണിക്കൂര്‍ നീണ്ട ശ്രമത്തിനെടുവില്‍ താഴെ ഇറക്കി
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ബീച്ച് പ്രദേശത്തെ കെട്ടിടത്തിന്റെ മുകളില്‍ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ലൈറ്റ് ഹൗസിന് സമീപമുള്ള മര്‍ച്ചന്റ് നേവി ക്ലബ് കെട്ടിടത്തിലാണ് യുവാവ് കയറിയത്.
ഒടുമ്പ്ര സ്വദേശിയായ റോഷനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷം ഇയാള്‍ കുപ്പിച്ചില്ലുമായി കെട്ടിടത്തിന്റെ മുകളില്‍ കയറി ഭീഷണി മുഴക്കുകയായിരുന്നു. വാഹനം മോഷ്ടിച്ചതായി ആരോപിച്ച് ചിലര്‍ തങ്ങളെ മര്‍ദിച്ചുവെന്നും, ഇതില്‍ പോലീസ് നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
വാര്‍ത്ത അറിഞ്ഞെത്തിയ പോലീസ്-ഫയര്‍ഫോഴ്സ് സംഘങ്ങള്‍ ഏറെ നേരം അനുനയ ശ്രമങ്ങള്‍ നടത്തിയതോടെയാണ് റോഷനെ സുരക്ഷിതമായി താഴെയിറക്കാന്‍ സാധിച്ചത്. ഏകദേശം ഒരു മണിക്കൂറോളം പോലീസും ഫയര്‍ഫോഴ്‌സും യുവാവിനോട് സംസാരിച്ചതിന് ശേഷമാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഇറങ്ങിയത്. ഇയാളുടെ മാതാവും സംഭവ സ്ഥലത്ത് എത്തിയിരുന്നു.