സപ്ലൈകോയില്‍ വീണ്ടും വിലവര്‍ധന; അരിക്കും വെളിച്ചെണ്ണയ്ക്കും അടക്കം നാലിനങ്ങളുടെ വില കൂട്ടി

സപ്ലൈകോയില്‍ വീണ്ടും വിലവര്‍ധന; അരിക്കും വെളിച്ചെണ്ണയ്ക്കും അടക്കം നാലിനങ്ങളുടെ വില കൂട്ടി

Update: 2024-12-04 02:15 GMT

കോട്ടയം: സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന സപ്ലൈകോയില്‍ വീണ്ടും വിലവര്‍ധന. വന്‍പയര്‍, ജയ അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയടക്കം നാല് ഇനങ്ങളുടെ വില കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചു. മുന്‍പ് വിലകൂട്ടുന്നതിന് സപ്ലൈകോ അറിയിപ്പ് നല്‍കുമായിരുന്നെങ്കില്‍ ഇത്തവണ അതൊഴിവാക്കി. വന്‍പയറിന് കിലോഗ്രാമിന് 75-ല്‍നിന്ന് 79, ജയ അരിക്ക് 29-ല്‍നിന്ന് 33, പച്ചരിക്ക് 26-ല്‍നിന്ന് 29, വെളിച്ചെണ്ണ അരലിറ്ററിന് 55-ല്‍നിന്ന് 65 എന്നിങ്ങനെയാണ് വിലകൂടിയത്.

ഫെബ്രുവരിയില്‍ 13 സബ്‌സിഡിയിനങ്ങളുടെ വില കൂട്ടിയിരുന്നു. ഓണത്തിന് തൊട്ടുമുന്‍പ് മട്ട അരി, പഞ്ചസാര എന്നിവയ്ക്ക് വീണ്ടും വിലകൂട്ടി. മട്ടയരി കിലോഗ്രാമിന് 30-ല്‍നിന്ന് 33 ആയും പഞ്ചസാര 27-ല്‍നിന്ന് 33 ആയുമാണ് വര്‍ധിപ്പിച്ചത്. പൊതുവിപണിയിലെ വിലയില്‍നിന്ന് 30 ശതമാനംവരെ താഴ്ന്നുനില്‍ക്കുന്നവിധം സപ്ലൈകോ വില ക്രമീകരിക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. സര്‍ക്കാരിന്റെ അനുമതി നേടണമെന്നുമാത്രം.

മൂന്നാംവട്ടവും വിലവര്‍ധനയുമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോഴും സര്‍ക്കാര്‍ ഓണത്തിന് പ്രഖ്യാപിച്ച 225 കോടി സഹായത്തില്‍ 50 കോടി ഇപ്പോഴും സപ്ലൈകോയ്ക്ക് നല്‍കിയിട്ടില്ല. ഇത് ട്രഷറി കുരുക്കിലാണുള്ളത്.

ഭക്ഷ്യവസ്തുക്കള്‍തന്ന ഏജന്‍സികള്‍ക്ക് 175 കോടിരൂപ നല്‍കിയാണ് ഓണംവിപണി ഓടിച്ചത്. നിലവില്‍ 400 കോടിയാണ് ഇവര്‍ക്കുള്ള കുടിശ്ശിക. കഴിഞ്ഞദിവസം ടെന്‍ഡര്‍ നടത്തിയെങ്കിലും ഇവരാരും സഹകരിച്ചില്ല. ക്രിസ്മസ് ഫെയറിനുള്ള വക കണ്ടെത്താന്‍ സ്ഥാപനം നെട്ടോട്ടത്തിലാണ്.

Tags:    

Similar News