റെയില്‍വേ മന്ത്രാലയം പ്രത്യേകം ട്രെയിന്‍ അനുവദിച്ചു;ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനിടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടല്‍ വിജയം

Update: 2025-05-11 07:55 GMT

തിരുവനന്തപുരം: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനിടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ഥികളെ തിരികെ നാട്ടിലെത്തിക്കാന്‍ നടത്തിയ ഇടപെടല്‍ വിജയകരമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. റെയില്‍വേ മന്ത്രാലയം പ്രത്യേകം ട്രെയിന്‍ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തും പ്രത്യേകമായി അനുവദിച്ച ട്രെയിനിന്റെ വിവരങ്ങളും സാമൂഹികമാധ്യമത്തിലൂടെ സുരേഷ്ഗോപി പങ്കുവെച്ചിട്ടുണ്ട്. 'ജമ്മു, ശ്രീനഗര്‍, ബാരാമുള്ള, പഞ്ചാബ്, ജലന്ദര്‍, ഛണ്ഡീഗഡില്‍ എന്നിവിടങ്ങളില്‍നിന്നും മറ്റും ഡല്‍ഹിയില്‍ എത്തി കുടുങ്ങി കിടക്കുന്ന വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ കേരളത്തില്‍ എത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ എന്റെ ഓഫീസുമായി ബന്ധപ്പെടുകയും, സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം എന്നാവശ്യപെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് ഞാന്‍ കത്ത് നല്‍കിയിരുന്നു. അതിന് പരിഹാരമായി ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ എത്താന്‍ വേണ്ടി 24 കോച്ചുള്ള പ്രത്യേക ട്രെയിന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കി റെയില്‍വേ മന്ത്രാലയം' - എന്നാണ് സുരേഷ്ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്ന സൂപ്പര്‍ഫാസ്റ്റ് റിസര്‍വ്ഡ് സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിനാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു സര്‍വീസ് മാത്രമാണ് ഉണ്ടാവുക. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡല്‍ഹിയിലെ ഹസ്റത്ത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിയോട് അടുപ്പിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, വര്‍ക്കല, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുകള്‍ ഉണ്ടാവുക.

Similar News