'താങ്കൾ ഇപ്പോൾ തന്നെ ഡൽഹിയിലെത്തണം..ആവശ്യമുണ്ട്'; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം കേട്ടപാടെ തൃശൂരിലെ പരിപാടികൾ റദ്ദാക്കി സുരേഷ് ഗോപി; പിന്നാലെ ഖേദ പ്രകടനം
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ തൃശൂരിലെ പരിപാടികൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര നിർദേശത്തെത്തുടർന്നാണ് മന്ത്രി ഡൽഹിയിലേക്ക് തിരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും അദ്ദേഹം റദ്ദാക്കി.
തൃശൂരിൽ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്നവരോട് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷമ ചോദിച്ചത്. ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്ഘാടനത്തിലും ഗുരുദേവ ജയന്തി പ്രമാണിച്ച് എല്ലാ വർഷവും നടക്കുന്ന മഞ്ഞ കടലിൽ സംഗമത്തിലും പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചു.
ഇരിങ്ങാലക്കുട സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. എങ്കിലും, ഇരിങ്ങാലക്കുടയിൽ നിന്നു യാത്രക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് വിലമതിക്കുന്നതായും പൂർണ്ണമായും അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇരിങ്ങാലക്കുടയിൽ മറ്റൊരു പ്രധാന ട്രെയിൻ സ്റ്റോപ്പ് ഉടൻ ലഭ്യമാക്കാൻ പ്രവർത്തിച്ചുവരികയാണെന്നും, അത് പൂർത്തിയായാൽ അതിന്റെ ഫ്ലാഗ് ഓഫ് ഒരുമിച്ച് ആഘോഷിക്കുമെന്നും സുരേഷ് ഗോപി ഉറപ്പുനൽകി.