ബംഗാളില്‍ ഒരിടത്തും ചെങ്കൊടിയില്ല, കേരളത്തില്‍ ഹോട്ടല്‍ പണിക്ക് ബംഗാളികളും! നന്ദിഗ്രാം കേരളത്തിലും ആവര്‍ത്തിക്കരുത്; സി.പി.എമ്മിന്റെ ചങ്കില്‍ തറയ്ക്കുന്ന വാക്കുകളുമായി ടി. പത്മനാഭന്‍; പിണറായിക്കെതിരെ കെ സി വേണുഗോപാലും
ബംഗാളില്‍ ഒരിടത്തും ചെങ്കൊടിയില്ല, കേരളത്തില്‍ ഹോട്ടല്‍ പണിക്ക് ബംഗാളികളും!
കണ്ണൂര്‍ : പശ്ചിമ ബംഗാളില്‍ തകര്‍ന്നടിഞ്ഞ സി.പി.എം ഭരണത്തെയും പാര്‍ട്ടിയെയും വിമര്‍ശിച്ച് കഥാകൃത്ത് ടി. പത്മനാഭന്‍. കണ്ണൂര്‍ ഹോട്ടല്‍ ഗ്രാന്‍ഡ് ബിനാലെയില്‍ നടന്ന ബംഗാളിലെ സി.പി.എമ്മിന്റെ മൂന്നര പതിറ്റാണ്ടിലെ ഉയര്‍ച്ചതാഴ്ചകള്‍ പറയുന്ന സൗര്‍ജ്യ ഭൗമിക്ക് രചിച്ച കഥേതര പുസ്തകമായ ഗാങ്സ്റ്റര്‍ സ്റ്റേറ്റിന്റെ മലയാളം പരിഭാഷ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്യോതി ബസുവിന്റെയും ബുദ്ധദേവിന്റെയും കാലത്ത് ഒറ്റ ത്രിവര്‍ണ പതാക ബംഗാളിലുണ്ടായിരുന്നില്ല. ജ്യോതിബസു വിദ്യാസമ്പന്നനും പണ്ഡിതനുമായിരുന്നു. എന്നാല്‍ ആ പ്രയോജനം ബംഗാളിന് കിട്ടിയിട്ടുണ്ടോയെന്ന കാര്യം സംശയമായിരുന്നു. കവിയായിരുന്ന ബുദ്ധദേബിന് ശേഷം മമതയുടെ കാലമെത്തിയപ്പോള്‍ ബംഗാളില്‍ ഒരിടത്തും ചെങ്കൊടി അടയാളം കാണാന്‍ കഴിഞ്ഞില്ല.
മമത ഒരു വനിതയാണെങ്കിലും യാതൊരു മമതയില്ലാതെയാണ് ഭരിക്കുന്നത്. എല്ലാത്തിനും കാലഹരണമുണ്ട്. എന്തുകൊണ്ടാണ് ബംഗാളില്‍ കമ്യുണിസം കാലഹരണപ്പെട്ടതെന്ന് കമ്യുണിസ്റ്റുകള്‍ ചിന്തിക്കണം. നന്ദിഗ്രാം കേരളത്തിലും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കേരളത്തിലെ ഹോട്ടലുകളില്‍ മുഴുവന്‍ ജോലി ചെയ്യുന്നത് ബംഗാളികളാണ്. സി.പി.എം ഭരിച്ച ത്രിപുരയില്‍ നിന്നും ഇതുകൂടാതെ ജാര്‍ഖണ്ഡില്‍ നിന്നുമൊക്കെയാളുകള്‍ ഇവിടേക്ക് വരുന്നുണ്ട്. കാല്‍ നൂറ്റാണ്ടിലേറെ കാലം കമ്യുണിസ്റ്റ് പാര്‍ട്ടി ബംഗാളില്‍ ഭരിച്ചിട്ട് ഒന്നും നടന്നില്ല.
ഇതിനെക്കാള്‍ വലിയ വീഴ്ച്ച ഒരു പ്രസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടോയെന്നും ടി. പത്മനാഭന്‍ ചോദിച്ചു. കെ.സി വേണുഗോപാല്‍ പുസ്തകം ടി.പത്മനാഭന് നല്‍കി പ്രകാശനം ചെയ്തു.
സംഘപരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയതയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതെന്ന് എഐ സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. വര്‍ഗീയത രാഷ്ട്രിയ നേട്ടത്തിനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നതാണ് കേരളം കണ്ടതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ സി പി എം പാര്‍ട്ടിയുടെ ഭരണകാലത്തുണ്ടായ ഗുണ്ടാ മാഫിയ വത്കരണവും അതിനെ തുടര്‍ന്നുണ്ടായ തകര്‍ച്ചയും പ്രതിപാദിക്കുന്ന കഥേതര കൃതിയായ ഗാങ്സ്റ്റര്‍ സ്റ്റേറ്റിന്റെ മലയാള പരിഭാഷ പുസ്തകം പ്രകാശന ചടങ്ങിലാണ് കെ സി വേണുഗോപാല്‍ എംപി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ബംഗാളി മാധ്യമപ്രവര്‍ത്തകനായ സൗര്‍ജ്യ ഭൗമിക് രചിച്ച ബംഗാളി കഥേതര കൃതിയായ ഗാങ്സ്റ്റര്‍ സ്റ്റേറ്റിന്റെ മലയാള പരിഭാഷ പുസ്തകം പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സാങ്ക പുറത്തിറക്കിയത്. ബംഗാളില്‍ സി പി എമ്മിന്റെ തകര്‍ച്ചയെ പ്രതിപാദിക്കുന്ന പുസ്തകം അജീര്‍ കുട്ടിയാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍ എംപി കഥാകൃത്ത് ടി. പത്മനാഭന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
യഥാര്‍ത്ഥ ആശയങ്ങളെ മറന്ന പാര്‍ട്ടിയുടെ അവസ്ഥയാണ് ഭൗമിക് ഗാങ്സ്റ്റര്‍ സ്റ്റെയിറ്റില്‍ വിവരിക്കുന്നത്. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആശയ പ്രചരണമല്ല കേരളത്തിലെ ഈ ഭരണത്തില്‍ നടക്കുന്നത്. കേരളത്തിലും കമ്യൂണിസ്റ്റ് സഹയാത്രികരും ഭൗമിക്കിനെ പോലെ
പാര്‍ട്ടി നിലപാടിനെതിരെ പുസ്തകം എഴുതുന്ന കാലം വിദൂരമല്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തകര്‍ച്ച പോലെ കേരളത്തിലെ പാര്‍ട്ടിക്കും ഉണ്ടാവുന്നത് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞു. അവരുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. സംഘപരിവാര്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയതയാണ് മുഖ്യമന്ത്രി പറയുന്നത്, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാത്തെ ഇസ്ലാമി യാണ് ആഭ്യന്തരം ഭരിക്കുകയെന്നും മാറാട് കലാപങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് എ.കെ ബാലന്‍ പറഞ്ഞത്. ഒരിക്കലും ഇടതു നേതാക്കളില്‍ നിന്നും ഇത്തരം ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കുന്ന പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി. വര്‍ഗീയത രാഷ്ട്രിയ നേട്ടത്തിനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നതാണ് കേരളം കണ്ടതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ്പ്രവര്‍ത്തക സമിതിയംഗം കെ സുധാകരന്‍ എംപി അധ്യക്ഷനായ ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ളഎ ഐസിസി സെക്രട്ടറി ദീപദാസ് മുന്‍ഷി, ഗ്രന്ഥകാരന്‍ സൗര്‍ജ്യ ഭൗമിക്, എഴുത്തുകാരി സുധാമേനോന്‍, പഴകുളം മധു ഡിസി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. എഐ സി സി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍ രമ്യ ഹരിദാസ്, സജീവ് ജോസഫ് എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പഴം കുളം മധു സ്വാഗതം പറഞ്ഞു.
