ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോ? പത്ത് വര്‍ഷത്തിനുള്ള മതപീഡനത്തില്‍ 100 ഇരട്ടി വര്‍ധന; ഒഡീഷ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ്

ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോ?

Update: 2025-08-09 08:56 GMT

കോഴിക്കോട്: ന്യൂനപക്ഷങ്ങള്‍ക്ക് നേരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയല്‍. പത്ത് വര്‍ഷത്തിനുള്ള മതപീഡനത്തില്‍ 100 ഇരട്ടി വര്‍ധനവുണ്ടായെന്നും ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണമോയെന്നും അദ്ദേഹം ചോദിച്ചു. ഒഡീഷയിലെ ജലേശ്വറില്‍ മലയാളി കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെയുണ്ടായ ആക്രമണം മുന്‍നിര്‍ത്തിയാണ് ബിഷപ്പിന്റെ പ്രതികരണം.

നക്‌സലൈറ്റുകള്‍ക്കെതിരെ ആക്രമണത്തിനെതിരെ എന്ത് നടപടിയാണോ അമിത് ഷാ സ്വീകരിച്ചത് അതേനടപടി തന്നെ ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ക്കെതിരെയും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മതമാറ്റം എന്ന പേരില്‍ നിയമം കൊണ്ടുവന്ന് ക്രൈസ്തവലോകത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഒഡീഷയിലെ ജലേശ്വറിലെ സെന്റ് തോമസ് പള്ളിയിലെ ഇടവക വികാരി ഫാ. ലിജോ, മറ്റൊരു വൈദികന്‍, രണ്ട് കന്യാസ്ത്രീകള്‍, ഒരു മതബോധകന്‍ എന്നിവര്‍ അടുത്തുള്ള ഒരു ഗ്രാമത്തിലെ കത്തോലിക്കാ വിശ്വാസിയുടെ വീട്ടില്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇടവകയിലേക്ക് മടങ്ങുമ്പോഴാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.

ആള്‍ക്കൂട്ടം മതപരിവര്‍ത്തനം നടത്തിയെന്ന് വ്യാജമായി ആരോപണം ഉന്നയിക്കുകയും വൈദികരെ മര്‍ദിക്കുകയും ഇവരിലൊരാളായ ഫാ. ലിജോയുടെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Tags:    

Similar News