ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ വിസമ്മതിച്ച യുവതിയെ ദേഹോപദ്രവം ചെയ്ത കേസ്; ഭർത്താവിന് 11 മാസം തടവും പിഴയും വിധിച്ച് കോടതി
തൃശൂര്‍: ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറാകാതിരുന്ന യുവതിയെ ബ്യൂട്ടിപാര്‍ലറിലേക്ക് അതിക്രമിച്ചു കയറി ദേഹോപദ്രവം ചെയ്ത കേസിൽ ഭർത്താവിന് തടവ് ശിക്ഷ. പ്രതിക്ക് 11 മാസം തടവും പിഴയുമാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടി വിധിച്ചത്. കേസിൽ വിവിധ വകുപ്പുകളിലായാണ് ചെവ്വൂര്‍ ഐനിക്കല്‍ പടിക്കല ജോഷിയെ ശിക്ഷിച്ചത്.
ബ്യൂട്ടിപാര്‍ലറിലേക്ക് അതിക്രമിച്ചു കയറി കൈ കൊണ്ടും, കീ ചെയിന്‍ കൊണ്ടും, സ്റ്റീല്‍ വള കൊണ്ടും, മുഖത്തും, തലയിലും അടിച്ച് ദേഹോപദ്രവം ചെയ്തതിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിഴത്തുക അതിക്രമത്തിന് ഇരയായ ഭാര്യക്ക് നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്.
2019 ജൂണ്‍ 16ന് ചെവ്വൂരിലെ ബ്യൂട്ടിപാര്‍ലറില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2003 മേയ് 18 നായിരുന്നു ജോഷിയുമായി പരാതിക്കാരിയുടെ വിവാഹം നടന്നത്. 2006 മുതല്‍ നിരന്തരം വീട്ടിൽ മദ്യപിച്ചു വന്നിരുന്ന പ്രതി പരാതിക്കാരിയുടെ വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് ശാരീരികവും, മാനസികവുമായി പീഡനം നേരിട്ടതിനെ തുടര്‍ന്ന് ഭാര്യ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇരയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പരാതിയുടെ സത്യാവസ്ഥ ബോധ്യമായതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. പിന്നീട് പ്രസ്തുത കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യ വിസമ്മതിച്ചതിനു പ്രതികാരമായാണ് പ്രതിയുടെ അതിക്രമം.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 15 രേഖകള്‍ ഹാജരാക്കുകയും 10 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ചേര്‍പ്പ് പോലീസ് സബ് ഇന്‍സ്‌പെക്ടറായ സനീഷ് എസ്.ആര്‍. എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലാജു ലാസര്‍ എം, അഭിഭാഷകയായ അഡ്വ. പ്രവീണ എ.പി. എന്നിവരാണ് ഹാജരായത്.