കടുവ ഇറങ്ങിയതായി വ്യാജ പ്രചരണം; കടുവകളുടെ ഫോട്ടോ പ്രചരിപ്പിച്ചു; പ്രദേശവാസികൾ ഭീതിയിൽ; കുറ്റക്കാർക്കെതിരെ കർശന നടപടിക്കൊരുങ്ങി വനം വകുപ്പ്
കാസർഗോഡ്: കാഞ്ഞങ്ങാട് ഭീമനടി കമ്മാടം കടുവ ഇറങ്ങി ആടിനെ പിടിച്ചെന്ന് വ്യാജ പ്രചാരണം പുറത്ത് വന്നതോടെ നാട്ടുകാർ ഭീതിയിലായി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവമുണ്ടായത്. റബർ തോട്ടത്തിലും, വീട് പരിസരത്തായുള്ള വഴിയിലും നിൽക്കുന്ന രണ്ട് കടുവകളുടെ ഫോട്ടോയും, ശബ്ദ സന്ദേശങ്ങളുമാണ് പ്രചരിച്ചത്. പാലക്കുന്ന് കമ്മാടംഭാഗത്ത് കടുവ ഇറങ്ങി ആടിനെ പിടിച്ചു, സൂക്ഷിക്കുക എന്നതായിരുന്നു പ്രചാരണം.
തുടർന്ന്, ജനപ്രതിനിധികളിൽനിന്ന് ഉൾപ്പെടെ ഫോറസ്റ്റ് ഓഫിസുകളിലേക്ക് രാത്രി നിരന്തരം ഫോൺകാൾ വന്നതോടെ വനപാലകർക്ക് രാത്രിയിൽ തന്നെ സമൂഹ മാധ്യമത്തിൽ വിശദീകരണം നടത്തേണ്ടിവന്നു. വ്യാജ പ്രചാരണം നടത്തിയവരെ കണ്ടെത്താൻ പോലീസിൽ പരാതി നൽകുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. രാഹുൽ പറഞ്ഞു.
കടുവ ഇറങ്ങിയെന്ന വ്യാജ പ്രചാരണത്തിനുമുമ്പ് കമ്മാടത്ത് പുലിയിറങ്ങിയതായും പ്രചരിച്ചിരുന്നു. കമ്മാടം കാവിനടുത്താണ് പുലിയിറങ്ങിയതെന്നാണ് സംശയം. പൊടോര ഗണേശന്റെ വീട്ടുപറമ്പിൽ കെട്ടിയ ആടിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. ആടിന്റെ കഴുത്തിൽ മാരക മുറിവേറ്റിട്ടുണ്ട്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ചിറ്റാരിക്കാൽ പോലീസും സ്ഥലത്തെത്തിയിരുന്നു. എന്നാൽ കാട്ടുപൂച്ചയുടെ കടിയേറ്റതാവാമെന്നും സംശയം ഉണ്ട്. കാട്ടുപൂച്ചയുടെ കാൽപാടുകൾ പ്രദേശത്തുനിന്ന് ലഭിച്ചതായും വനപാലകർ പറഞ്ഞു. സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നെങ്കിലും ഒന്നും ലഭിച്ചിട്ടില്ലെന്നും വനം ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ആടിന്റെ ജഡം പോസ്റ്റുമോർട്ടം ചെയ്തു. എന്നാൽ റിപ്പോർട്ട് ലഭിച്ചാലേ കൊന്നത് പുലിയാണോയെന്ന് വ്യക്തമാക്കാൻ സാധിക്കുകയുള്ളു.