വീട്ടുവളപ്പില്‍ നിന്ന് മോഷ്ടിച്ചത് 15,000 രൂപയുടെ സൈക്കിള്‍; സിറ്റൗട്ടില്‍ കിടന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് 3800 രൂപയും പൊക്കി; അന്തര്‍ജില്ലാ മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് പന്തളം പോലീസ്
സൈക്കിളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി
പന്തളം: വീട്ടുവളപ്പില്‍ നിന്നും സൈക്കിളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം കരിക്കോട് കുറ്റിച്ചിറ അമരവിള വീട്ടില്‍ സാമ്പാര്‍ എന്നു വിളിക്കുന്ന അന്‍സാര്‍ (43) ആണ് അറസ്റ്റിലായത്. പൂഴിക്കാട് ശാസ്താംവിള തൊപ്പിന്റെ പടീറ്റതില്‍ വീട്ടില്‍ ബഷീര്‍ റാവുത്തറുടെ 15000 രൂപ വില വരുന്ന ഹീറോ സൈക്കിളും വീടിന്റെ സിറ്റൗട്ടിലെ സ്റ്റീല്‍ കൈവരിയില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 3800 രൂപയുമാണ് മോഷ്ടിച്ചത്.
ഏഴിന് പുലര്‍ച്ചെ 12.15നാണ് സംഭവം. പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും പ്രതിയ്ക്കായി തെരച്ചില്‍ നടത്തി വരവേ ഏഴിന് രാത്രി എട്ടിന് പന്തളം പാലത്തടത്തു നിന്നും പ്രതിയെ മോഷ്ടിച്ച സൈക്കിളുമായി കസ്റ്റഡിയില്‍ എടുത്തു. എസ്.ഐ.മാരായ പി. മനോജ് കുമാര്‍, അനീഷ് എബ്രഹാം, എ.എസ്.ഐ സുരേഷ് കുമാര്‍, എസ്.സി.പി.ഓ അന്‍വര്‍ഷ, സി.പി.ഓമാരായ അരുണ്‍കുമാര്‍, ശ്രീഹരി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഒരു മോഷണകേസിലും ഇയാള്‍ പ്രതിയാണ്. ഉത്സവപറമ്പുകളില്‍ കച്ചവടം ചെയ്തു വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.