ക്ഷേത്രത്തിലെ തൂക്കുവിളക്കും വെങ്കല തട്ടങ്ങളും മോഷ്ടിച്ചു; പിന്നാലെ ആക്രിക്കടയിൽ വിറ്റു; പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികൾ
തിരുവനന്തപുരം: ആറ്റിങ്ങൽ വീരളം പച്ചക്കുളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. വീരളം അക്കര വിള വീട്ടിൽ മണിക്കുട്ടൻ എന്ന ശ്യാം (26,) കുഴി മുക്ക് കാരക്കാച്ചി വിള പ്ലാവിള പുത്തൻ വീട്ടിൽ ശങ്കരൻ,(57) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കവർച്ച നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. ഓട്ടു വിളക്ക് സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന ദണ്ഡും ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും ചെമ്പ് കുടം, തൂക്കുവിളക്ക്, വെങ്കല തട്ടങ്ങൾ പൂജാ സാധനങ്ങൾ ഉൾപ്പടെ 50,000 രൂപയുടെ മുതലുകളാണ് പ്രതികൾ മോഷ്ടിച്ചത്. ശേഷം മോഷണ മുതലുകൾ ആറ്റിങ്ങലിലുള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച പോലീസ് സംഘം പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളാണിവർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.