പറമ്പിൽ പാമ്പുണ്ടെന്ന് യുവാവ്; കൈചൂണ്ടി കാണിച്ചിടത്തേക്ക് നോക്കിയതേ ഓർമയുള്ളു; വീട്ടമ്മയുടെ സ്വർണ്ണമാലയുമായി കള്ളൻ കടന്നു; പിടിയിലായത് ബംഗാൾ സ്വദേശി

Update: 2025-10-22 06:58 GMT

കോതമംഗലം: പറമ്പിൽ പാമ്പുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയുടെ കൂട്ടികൊണ്ട് പോയ ശേഷം ഒന്നര പവൻ്റെ സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ. ബംഗാള്‍ മുര്‍ഷിദാബാദ് പര്‍ബോ ബാര്‍ദമാം സ്വദേശി ഹസ്മത്ത് (27) ആണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ മാല പൊട്ടിക്കുന്നതിനിടെ നിലത്ത് വീണ് വീട്ടമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. പുതുപ്പാടി സ്‌കൂളിനടുത്ത് വാഴാട്ടിൽ ഏലിയാമ്മയുടെ (82) വീട്ടിലാണ് മോഷണം നടന്നത്.

കോതമംഗലത്തിനടുത്ത് പുതുപ്പാടിയിൽ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീടിന്റെ സിറ്റൗട്ടില്‍ ഉണ്ടായിരുന്ന വീട്ടമ്മയുടെ സമീപം എത്തി പറമ്പില്‍ പാമ്പുണ്ടെന്നുപറഞ്ഞ് യുവാവ് കൈചൂണ്ടി കാണിക്കുന്നിടത്തേക്ക് ഏലിയാമ്മയുടെ ശ്രദ്ധ തിരിക്കുകയായിരുന്നു. ഈ തക്കത്തിൽ പ്രതി ഏലിയാമ്മയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ ഇയാൾ ഏലിയാമ്മയുടെ തലയിൽ ഇടിക്കുകയും അവർ നിലത്ത് വീണു.

നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾക്ക് മോഷ്ടാവിനെ പിടികൂടാനായില്ല. തലയ്ക്ക് പരിക്കേറ്റ ഏലിയാമ്മയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് രാത്രി ഒൻപതരയോടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

Tags:    

Similar News