പറമ്പ് വെട്ടിത്തെളിക്കാനെന്ന വ്യാജേന അതിഥി തൊഴിലാളികളെ വിളിച്ചു വരുത്തി; പണിക്കിറങ്ങിയ തക്കം നോക്കി പണവും ഫോണുമായി കടന്നു: കേസിലെ മൂന്നാമത്തെ പ്രതി പിടിയിൽ
കോഴിക്കോട്: പറമ്പ് വെട്ടിത്തെളിക്കാനെത്തിയ അതിഥി തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ മൂന്നാമത്തെ പ്രതിയും അറസ്റ്റിലായി. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടി.എച്ച്. ഹാരിസിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നല്ലളം സ്റ്റേഷൻ പരിധിയിൽ മോഡേൺ ബസാറിന് സമീപത്തെ കാടുപിടിച്ച സ്ഥലം വെട്ടിത്തെളിക്കാമെന്ന് വാഗ്ദാനം ചെയ്ത് പശ്ചിമബംഗാൾ സ്വദേശികളായ റജാവുൽ അലി, അബ്ദുൽ കരീം മൊണ്ടാലു എന്നിവരെയാണ് പ്രതികൾ കബളിപ്പിക്കുകയായിരുന്നു. ഇവരുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും പണവും ഒരു പറമ്പിൽ സൂക്ഷിച്ച് വെച്ച ശേഷം തൊഴിലാളികൾ പണിക്ക് ഇറങ്ങിയപ്പോൾ സംഘം അത് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. 11,500 രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് ഇവർ കവർന്നത്.
കേസിലെ മറ്റ് പ്രതികളായ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അൻവർ (36), കൊല്ലം കുളത്തൂപ്പുഴ സ്വദേശി ഷാജുമോൻ (46) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കവർച്ചയ്ക്ക് ശേഷം കാറിൽ മടങ്ങുന്നതിനിടെ കാടാമ്പുഴ സ്റ്റേഷൻ പരിധിയിലും ഇവർ തട്ടിപ്പ് നടത്തി മൊബൈൽ ഫോണും 5000 രൂപയും മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി. ഈ കേസുകളിലും ഇവരെ ചോദ്യം ചെയ്യും.