അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിന്റെ മാല പൊട്ടിച്ചു കടന്നു; തിരക്കേറിയ ബസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി വലയിൽ; പിടിയിലായ മഞ്ജു സ്ഥിരം മോഷ്ടാവ്

Update: 2025-08-16 04:46 GMT

വടകര: നാദാപുരത്ത് അമ്മയുടെ തോളിലിരുന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി വെങ്കിടേഷിന്റെ ഭാര്യ മഞ്ജുവിനെയാണ് (32) അറസ്റ്റ് ചെയ്തത്. വടകരയിലെ മറ്റ് മോഷണക്കേസുകളിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇവരെ നാദാപുരം പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാദാപുരം ബസ് സ്റ്റാൻഡിലെ ഒരു കടയിൽ സാധനം വാങ്ങാനെത്തിയ യുവതിയുടെ തോളിൽ കിടക്കുകയായിരുന്ന കുഞ്ഞിന്റെ മാലയാണ് മഞ്ജു പൊട്ടിച്ചെടുത്തത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വടകരയിൽ വെച്ച് ബസ് യാത്രക്കാരിയുടെ മൂന്നര പവൻ തൂക്കമുള്ള സ്വർണാഭരണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മഞ്ജുവിനെ സഹയാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.

വടകര പോലീസ് സ്റ്റേഷനിൽ മാത്രം ഇവർക്കെതിരെ സമാനമായ മറ്റ് രണ്ട് കേസുകൾ കൂടിയുണ്ട്. തിരക്കേറിയ ബസുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് സ്വർണവും പണവും കവരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. നാദാപുരം എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് പോലീസ് വ്യക്തമാക്കി.

Tags:    

Similar News