പുന്നപ്ര ജുമാമസ്ജിദിൽ നിന്നും മോഷണം; പ്രതിയെ തമിഴ്നാട്ടിലെ സേലത്ത് നിന്നും പിടികൂടി; അറസ്റ്റിലായത് നിരവധി മോഷണ കേസുകളിലെ പ്രതി
അമ്പലപ്പുഴ: പുന്നപ്ര സലഫി ജുമാമസ്ജിദിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റിൽ. തമിഴ്നാട്ടിലെ സേലത്തു നിന്നുമാണ് തിരുവനന്തപുരം തോന്നയ്ക്കൽ മഞ്ഞുമല ഷാജിതാ മൻസിൽ മുഹമ്മദ് അബ്ദുൽ ഹാദി (25)നെ പൊലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ടി എൽ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കുടുക്കിയത്.
ഈമാസം ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം. പുന്നപ്ര കളിത്തട്ടിനു സമീപത്തുള്ള ജമാഅത്തിൽ കാണിക്കവഞ്ചിയിലെ 7000 രൂപ കവർച്ച ചെയ്തുവെന്നായിരുന്നു കേസ്. ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. മസ്ജിദ് പ്രതിനിധികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രതി ബുധനാഴ്ചയാണ് പിടിയിലായത്.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ആലപ്പുഴ സൗത്ത്, പട്ടണക്കാട്, തമിഴ്നാട്ടിലെ സേലം പൊലീസ് സ്റ്റേഷനുകളിലായി ഏഴിലധികം മോഷണക്കേസുകളിൽ പ്രതിയാണിയാൾ. ചോദ്യം ചെയ്ത് തെളുവെടുപ്പുകൾ നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ വി ഡി റെജിരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം ആർ രതീഷ്, എം വൈ മാഹിൻ, അബുബക്കർ സിദ്ദിഖ്, അമർജ്യോതി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.