ജനറേറ്റർ മുറിയുടെ വെന്റിലേറ്റർ പൊളിച്ച് അകത്തുകയറി വിലകൂടിയ വിദേശമദ്യം കവർന്നു; സിസിടിവിയിൽ പതിഞ്ഞ് കള്ളന്റെ 'ഷോ'; പനമരത്തെ ബെവ്‌കോ ഷോപ്പിലേത് 'ഹാട്രിക്' മോഷണം

Update: 2026-02-03 07:55 GMT

പനമരം: വയനാട് പനമരം നീരിട്ടാടി റോഡിലുള്ള ബവ്റിജസ് മദ്യവിൽപ്പന ശാലയിൽ വീണ്ടും മോഷണം. ഫെബ്രുവരി ഒന്നിന് രാത്രി ജനറേറ്റർ മുറിയുടെ വെന്റിലേറ്റർ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് വിദേശമദ്യം കവരുകയായിരുന്നു. ഫെബ്രുവരി രണ്ടിന് രാവിലെ കട തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. പനമരം പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ബവ്റിജസിന്റെ പിൻവശത്തുള്ള ജനറേറ്റർ മുറിയുടെ വെന്റിലേറ്റർ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് ഷോപ്പ് അസിസ്റ്റന്റ് മാനേജർ വി.കെ. സജി അറിയിച്ചു. മൂന്നാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്.

പിന്നിലെ ഷട്ടറിന്റെ പൂട്ട് തകർക്കാനും ജനലുകളുടെ ഗ്ലാസുകൾ തകർത്ത് അകത്തുകടക്കാനും മോഷ്ടാവ് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും വിദേശമദ്യമാണ് മോഷ്ടിക്കപ്പെട്ടതെന്നുമാണ് പ്രാഥമിക നിഗമനം. സ്റ്റോക്കുണ്ടായിരുന്ന മദ്യക്കുപ്പികളുടെ കൃത്യമായ കണക്കെടുത്തതിന് ശേഷമേ നഷ്ടത്തിന്റെ യഥാർത്ഥ മൂല്യം തിട്ടപ്പെടുത്താനാകൂ. ഫെബ്രുവരി ഒന്നിന് രാത്രി ഓഫീസ്‌ റൂമിൽ കയറിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എക്സൈസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഈ സ്ഥാപനത്തിൽ മോഷണം നടക്കുന്നത് ഇത് മൂന്നാം തവണയാണ്. ഇതിന് മുൻപ് 2025 ജനുവരി 20ന് നടന്ന കവർച്ചയിൽ പണവും മറ്റ് സാധനങ്ങളും നഷ്ടപ്പെടുകയും, ഈ സംഭവത്തിൽ കർണാടക സ്വദേശിയായ മോഷ്ടാവിനെ പിന്നീട് പിടികൂടുകയും ചെയ്തിരുന്നു.

Tags:    

Similar News