രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളില്‍ ദേശീയ നേതൃത്വം ഇടപെട്ടിട്ടുണ്ട്; പൊതുപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ കാണാന്‍ പാടില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സമൂഹത്തിന് മാതൃകയായിരിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Update: 2025-08-21 08:30 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളില്‍ ദേശീയ നേതൃത്വം ഇടപെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ആരോപണങ്ങളെ കുറിച്ച് അന്വേഷണം അനിവാര്യമാണെന്നും, അതിന് ശേഷം മാത്രമേ വ്യക്തമായ നിലപാട് പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്ക നടപടിയുടെ പരിധിയില്‍ വരാത്തതിനാല്‍ വിഷയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തന്റെ മുന്നിലെത്തിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. ദേശീയ നേതൃത്വം അന്വേഷിക്കുന്ന വിഷയത്തില്‍ സ്വന്തം അഭിപ്രായം പറഞ്ഞു അവരുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ കാണാന്‍ പാടില്ലെന്നും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സമൂഹത്തിന് മാതൃകയായിരിക്കണമെന്ന് തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും, അതിനു ശേഷമേ മറ്റു കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, 'കാത്തിരുന്ന് കാണാം' എന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം.

Tags:    

Similar News