ബസ് തടഞ്ഞു നിര്‍ത്തി വാള്‍ വീശി; പരിഭ്രാന്തിയിൽ യാത്രക്കാർ; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തലും; പ്രതിയെ പൊക്കി പോലീസ്

Update: 2025-07-06 17:36 GMT

തൃശൂര്‍: ബസ് തടഞ്ഞു നിര്‍ത്തി വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ 46കാരൻ പിടിയിൽ. ചാക്കോച്ചി എന്നു വിളിക്കുന്ന വലപ്പാട് കഴിമ്പ്രം ബീച്ച് സ്വദേശി കുറുപ്പത്ത് വീട്ടില്‍ ഷിബിനെയാണ് (46) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചാംതീയതി പകലായിരുന്നു സംഭവം. കഴിമ്പ്രം വലിയ നെടിയിരിപ്പില്‍ അമ്പലത്തിനടുത്തത്തുള്ള റോഡില്‍ വെച്ച് മത്സ്യബന്ധന തൊഴിലാളികളും മറ്റും യാത്ര ചെയ്തിരുന്ന ബസ് തടഞ്ഞു നിര്‍ത്തിയാണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.

ഇയാൾ ബസിനകത്ത് കയറി ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി അല്ലപ്പുഴ വീട്ടില്‍ ബാബു (58)വിനെ വാളു വീശി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ ജോലി ചെയ്യുന്ന വള്ളത്തിന്റെ മുതലാളിയെ അന്വേഷിച്ചപ്പോള്‍ അറിയില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കൊല്ലാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ബാബു പരാതി നല്‍കുകയായിരുന്നു. നടപടി ക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Tags:    

Similar News