കന്യാകുമാരി തീരത്ത് വീണ്ടും കടലാക്രമണത്തിന് സാധ്യത; 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത; തീരദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

Update: 2025-04-16 05:58 GMT

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് വീണ്ടും കടലാക്രമണത്തിന് സാധ്യത. ഇന്ന് രാത്രി 8.30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ കുത്തനെ തീരദേശത്ത് അടിച്ചടിക്കാനിടയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് തീരപ്രദേശങ്ങളിലെ ജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അതീവ ജാഗ്രത നിര്‍ദേശിച്ചിരിക്കുകയാണ്.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികാരികളുടെ നിര്‍ദേശമനുസരിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. ചെറുവള്ളങ്ങളും ബോട്ടുകളും ഈ സമയം കടലിലേക്ക് ഇറക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഉള്‍പ്പെടെ (ബോട്ടുകള്‍, വള്ളങ്ങള്‍) സുരക്ഷിതമായി ഹാര്‍ബറുകളില്‍ നിര്‍ത്തി സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ബോട്ടുകള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ച് നിര്‍ത്തുന്നത് അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും ബീച്ചിലേക്കുള്ള യാത്രകളും ഈ ഘട്ടത്തില്‍ ഒഴിവാക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം നിര്‍ദേശിച്ചു. തീരശോഷണ സാധ്യതയും കണക്കിലെടുത്ത് പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് പറയുന്നു. അടുത്തറിയിപ്പുകള്‍ ലഭിക്കുന്നതുവരെ മുന്നറിയിപ്പ് പിന്‍വലിക്കപ്പെടില്ലെന്നും അതിനുമുമ്പ് തീരദേശവാസികളും സന്ദര്‍ശകരും എല്ലാ സുരക്ഷാനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

Tags:    

Similar News