വാച്ചര്‍മാര്‍ നടന്ന് പോകുന്ന ഭാഗത്ത് ഭയപ്പെടുത്തുന്ന കാഴ്ച; റിസര്‍വോയറിന്റെ സമീപത്ത് കൂടി തലങ്ങും വിലങ്ങും നടന്ന് പരിഭ്രാന്തി; കക്കയത്തെ വിനോദസഞ്ചാര കേന്ദ്രത്തില്‍ കടുവയെ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും വൈദ്യുതി ഉത്പാദന കേന്ദ്രവുമായ കക്കയത്ത് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെ ഡാം സൈറ്റ് റോഡിലൂടെ നടന്നുപോയ കടുവയെ വനംവകുപ്പ് വാച്ചർമാരാണ് കണ്ടത്. റിസർവോയറിന് സമീപത്തെ വനത്തിൽ കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലും കക്കയം ഡാം റിസർവോയറിന് സമീപം കടുവയെ കണ്ടിരുന്നു. കെഎസ്ഇബി, ഡാം സേഫ്റ്റി ജീവനക്കാർ ഉൾപ്പെടെ പലരും ഈ മേഖലകളിൽ കടുവയെ നേരില്‍ കണ്ടിട്ടുണ്ട്. വനംവകുപ്പ് അധികൃതരുടെ അറിയിപ്പ് അനുസരിച്ച്, കടുവ സമീപത്തെ വനത്തിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്.
നിലവിൽ ഓണം സീസൺ ആയതിനാൽ ഡാം സൈറ്റ് മേഖല സന്ദർശിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ, വനമേഖലയിൽ കടുവയുടെ സാന്നിധ്യം ആശങ്കയുളവാക്കിയിട്ടുണ്ട്. അതിനാൽ, ഈ മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും സഞ്ചാരികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.