ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധക്ക്.! ബുധനാഴ്ച മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം; ചില ട്രെയിനുകള്‍ നേരത്തെ പുറപ്പെടും, ചിലത് വൈകും

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധക്ക്.!

Update: 2024-12-29 15:51 GMT

തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം. പുതിയ പട്ടികപ്രകാരം തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം-മംഗളൂരു ഏറനാട്, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എന്നിവയുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും.യ.

പുതിയ സമയപ്പട്ടികപ്രകാരം രാവിലെ 5.25ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് (16302) അഞ്ച് മിനിറ്റ് നേരത്തെ യാത്രയാരംഭിക്കുമെന്നാണ് വിവരം. രാവിലെ 5.05ന് പുറപ്പെട്ടിരുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (16303) അഞ്ച് മിനിറ്റ് വൈകി 5.10നാകും ഇനിമുതല്‍ യാത്ര ആരംഭിക്കുക. പുലര്‍ച്ചെ 3.35നുള്ള തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്പ്രസിന്റെ (16606) പുറപ്പെടല്‍ സമയം 3.40 ആയി മാറും. എറണാകുളം-ബിലാസ്പൂര്‍ സൂപ്പര്‍ഫാസ്റ്റിന്റെ (22816) പുറപ്പെടല്‍ സമയത്തിനും മാറ്റമുണ്ടെന്നാണ് വിവരം. രാവിലെ 8.30 എന്നത് 8.40 ആയാണ് മാറുക. ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് (19578) വൈകീട്ട് 6.30ന് തിരുനെല്‍വേലിയിലെത്തിയിരുന്നത് 6.20 ആയി മാറും.

ഇതിന് പുറമേ പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്തിലും മാറ്റംവരും. എറണാകുളം-കൊല്ലം പാസഞ്ചര്‍ (06769) നിലവില്‍ 5.20നാണ് കൊല്ലത്തെത്തുന്നത്. ഇത് 5.15 ആയി മാറും. എറണാകുളം-കൊല്ലം പാസഞ്ചര്‍ (06777) ഇനി മുതല്‍ രാവിലെ 9.50ന് കൊല്ലത്തെത്തും. നിലവിലെ എത്തിച്ചേരല്‍ സമയം 10 ആണ്. കൊച്ചുവേളി-നാഗര്‍കോവില്‍ (06429), നാഗര്‍കോവില്‍-കൊച്ചുവേളി (06439) പാസഞ്ചറുകളുടെ സമയക്രമത്തിലാണ് കാര്യമായ മാറ്റം.

നിലവില്‍ ഉച്ചക്ക് 1.40ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ടിരുന്ന പാസഞ്ചര്‍ ഇനി മുതല്‍ 1.25നാകും യാത്ര തുടങ്ങുക. നാഗര്‍കോവലില്‍നിന്ന് രാവിലെ 8.05 എന്ന കൊച്ചുവേളിയിലേക്കുള്ള പുറപ്പെടല്‍ സമയം 8.10 ആയും മാറും. മംഗളൂരു-തിരുവനന്തപുരം മലബാര്‍ അല്‍പം കൂടി നേരത്തെ തമ്പാനൂരില്‍ എത്തുംവിധത്തില്‍ സമയക്രമത്തില്‍ മാറ്റം വരുമെന്നാണ് സൂചനകള്‍. അന്തിമപട്ടിക തിങ്കളാഴ്ച പുറത്തിറങ്ങും.

Tags:    

Similar News