ഫുൾ ലോഡുമായി കുത്തിറക്കത്തിലൂടെ വന്ന ടോറസ് ലോറി; പെട്ടെന്ന് മുന്നിലെ ലോറിക്കാരന് ഒരു ഫോൺ കോൾ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം എരുമേലിയിൽ
എരുമേലി: കുത്തിറക്കത്തിലൂടെ പാറ കയറ്റിവന്ന ടോറസ് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. കരിങ്കല്ലുമ്മൂഴിലാണ് സംഭവം നടന്നത്. ഒടുവിൽ മുന്നിലൂടെ പോയ ടോറസ് ലോറി രക്ഷകനായി.ലോഡുമായി മുന്നിലൂടെ പോയ ലോറി ബ്രേക്ക് ചെയ്ത് ഇടിച്ചു നിർത്താൻ അവസരം ഒരുക്കിയത് കൊണ്ട് തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണു സംഭവം നടന്നത്. രണ്ട് ടോറസ് ലോറികളും ഒരാളുടെ തന്നെയാണ്. അല്ലെങ്കിലും ഈ ഭാഗം വലിയ വളവുകളും കുത്തിറക്കവും ചേർന്നതാണ്.
ഫുൾ ലോഡുമായി വേഗം കുറച്ചാണ് ഇരു ടോറസുകളും എത്തിയത്. അപകടം മണത്ത പിന്നിലെ ടോറസിലെ ഡ്രൈവർ ഉടനെ തന്നെ മുന്നിലെ ടോറസിലുണ്ടായിരുന്നവരോട് ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഫോൺ വിളിച്ചറിയിച്ചു. ഉടനെ തന്നെ അവർ ഇടിച്ചു നിർത്താൻ സൗകര്യം ഒരുക്കി നൽകുകയായിരുന്നു. ഇതോടെ വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വിവരം അറിഞ്ഞ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. അതേസമയം, വലിയ ലോഡുകളുമായി നിരവധി ടോറസ് ലോറികളാണ് ഈ പ്രദേശത്ത് കൂടി കടന്നുപോകുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പും സമാന രീതിയിൽ അപകടം നടന്നിരുന്നു. അതുപോലെ നിരവധി ശബരിമല തീർഥാടന വാഹനങ്ങൾ കടന്നുപോകുന്ന പാത കൂടിയാണ് ഇത്.
അതുപോലെ തീർഥാടന കാലങ്ങളിൽ പാറമടകളിൽനിന്ന് ലോഡുമായി എത്തുന്ന ടോറസുകൾ ഇതുവഴി കടക്കാൻ അനുവദിക്കാതെ വെൺകുറഞ്ഞി റോഡ് വഴി പോകാൻ പോലീസും മോട്ടർ വാഹന വകുപ്പും നിർദ്ദേശം നൽകാറുമുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.