സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംശയാസ്പദമായി കണ്ടെത്തി; നീരിക്ഷിച്ച പോലീസ് കണ്ടത് കടലില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമം; പരാജയപ്പെടുത്തി
കോഴിക്കോട്: കടലിലേക്ക് ചാടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് കോതി പാലത്തിന് സമീപം കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് അവശതയിലായ വിദ്യാര്‍ത്ഥിനിയെ രക്ഷപെടുത്തിയത്.
സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടി സംശയാസ്പദമായി പാലത്തിന് സമീപം സഞ്ചരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാനസിക നിലയില്‍ അസ്വഭാവികത കണ്ടെത്തിയ പൊലീസ് സംഘം അവളെ നിരീക്ഷിക്കുകയായിരുന്നു. ഒടുവില്‍ കടലിലേക്ക് ചാടുന്നതായി കണ്ടതോടെ ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ സഹായത്തോടുകൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ച പൊലീസ് കുട്ടിയെ സുരക്ഷിതമായി കരയിലേക്ക് എത്തിച്ചു.
അപകടം ഒഴിവായതോടെ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് ഏല്പിച്ചു. പന്നിയങ്കര എസ്ഐ ബാലു കെ. അജിത്തിന്റെയും സിവില്‍ പൊലീസ് ഓഫീസര്‍ ബിനീഷിന്റെയും നേതൃത്വത്തിലായിരുന്നു കാര്യക്ഷമമായ ഇടപെടല്‍.