പ്രവാസിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പത്ത് ലക്ഷം രൂപ ഓണ്‍ലൈനിലൂടെ തട്ടി; അസം സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍

പ്രവാസിയുടെ അക്കൗണ്ടിൽനിന്ന് 10 ലക്ഷം തട്ടിയ രണ്ടുപേർ അറസ്റ്റിൽ

Update: 2024-09-09 02:07 GMT

കാസര്‍കോട്: പ്രവാസിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പത്ത് ലക്ഷം രൂപ ഓണ്‍ലൈനിലൂടെ തട്ടിയ രണ്ടുപേരെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ആഷിക്കുള്‍ ഇസ്ലാം (19), ഫോയിജുല്‍ ഹക്ക് (41) എന്നിവരെയാണ് പിടികൂടിയത്. പ്രവാസിയായ കാസര്‍കോട് സ്വദേശി കാസര്‍കോട് ബാങ്ക് റോഡിലുള്ള ഐ.സി.ഐ.സി.ഐ. ബാങ്കിലെ എന്‍.ആര്‍.ഐ. അക്കൗണ്ടില്‍ നിക്ഷേപിച്ച പണമാണ് തട്ടിയെടുത്തത്. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് ഉപയോഗിക്കാത്ത പ്രവാസിക്കാണ് പണം നഷ്ടമായത്.

2023 ഏപ്രില്‍ ഒന്നിനും 2024 ജൂണ്‍ 30-നും ഇടയ്ക്ക് പല തവണകളായി അക്കൗണ്ട് ഉടമ അറിയാതെ പണം ഓണ്‍ലൈനായി പിന്‍വലിക്കുക ആയിരുന്നു. പ്രവാസിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഫോണ്‍പോലും ഉപയോഗിക്കാത്ത ഇദ്ദേഹത്തിന്റെ പണം ഓണ്‍ലൈന്‍ ഇടപാടിലൂടെ എങ്ങനെ പിന്‍വലിച്ചെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കി. ഇന്‍സ്‌പെക്ടര്‍ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പ്രവാസിയുടെ അക്കൗണ്ടിന്റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടന്നത് മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലും അസമിലെ നാഗോണ്‍ ജില്ലയിലുമാണെന്ന് മനസ്സിലായി.

തുടര്‍ന്ന് അസമില്‍ നടത്തിയ അന്വേഷണത്തില്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ മാരിഗോണ്‍ ജില്ലയിലുള്ളവരാണെന്ന് തിരിച്ചറിഞ്ഞു. ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചതോടെ അസം പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ പ്രതികള്‍ കേരളത്തിലേക്ക് കടന്നുവെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍ പി.റുമേഷ്, സീനിയര്‍ സി.പി.ഒ.മാരായ എം.ചന്ദ്രശേഖരന്‍, പി.സതീശന്‍, പി.വി.ലിനീഷ്, കെ.ടി.അനില്‍, വി.ശ്രീജേഷ്, കെ.എം.സുനില്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News